കോഴിക്കോട്: നാലുപേർ മരിച്ച ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ വിറങ്ങലിച്ച് നിൽക്കുകയാണ് കോഴിക്കോട്ടെ വിലങ്ങാട് ആലിമൂല ഗ്രാമം. ഉരുൾപൊട്ടിയിടത്ത് റോഡിന്റെ പകുതി ഏത് നിമിഷവും താഴേക്ക് പതിക്കാം എന്ന നിലയിലാണ്. ഇനിയും കനത്ത മഴ തുടർന്നാൽ പിന്നെ എന്തൊക്കെ ബാക്കി കാണുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

പതിനഞ്ചോളം വീടുകളുണ്ടായിരുന്ന ഇടത്ത് ഇന്ന് വെറുമൊരു മണ്‍കൂന മാത്രമാണ്. 
ആ മണ്‍കൂനയിലേക്ക് നോക്കി കഴിഞ്ഞ ദിവസംവരെ തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മനുഷ്യരെക്കുറിച്ച് വിലപിക്കുകയാണ് നാട്ടുകാര്‍. പാതിരനേരത്ത് മണ്ണിൽ ഒലിച്ചുപോയ ഉറ്റവരുടെ ഓർമ്മയിൽ നാട് വിറങ്ങലിച്ച് നിൽക്കുന്നു.

ചെങ്കുത്തായ കയറ്റവും കുന്നിനോരങ്ങളിൽ അങ്ങിങ്ങായി വളച്ചുകെട്ടിയ പറമ്പിൽ വീടുകളും കൃഷിയും ഉണ്ടവിടെ. ഇടവിട്ട് മഴ തുടരുന്നതോടെ ആലിമൂലയെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ ദിവസങ്ങളായി ആളുകൾക്ക് ഉറക്കമില്ല. ഇപ്പോഴും മഴയിൽ പലയിടത്തും റോഡിന്റെ ഓരം ചെറുതായി ഇടിയുന്നുണ്ട്.

മറ്റൊരു ഉരുൾപൊട്ടൽ ഏത് നിമഷവും ഉണ്ടായേക്കാമെന്ന നിലയിലാണ് നേരത്തെ പൊട്ടിയൊലിച്ച റോഡുള്ളത്. അതുകൊണ്ട് ഈ ഭാഗത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. തൽക്കാലം അവർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയും. പക്ഷെ അത് കഴിഞ്ഞാലോ? എന്നാണ് നാട്ടുകാരുടെ ചോദ്യം.