'2017 ലാണ് എന്റെ മകൻ മരിച്ചത്. അന്വേഷിച്ച ഉദ്യോ​ഗസ്ഥൻമാർ 3 പേരും അവർക്ക് അനുകൂലമായിട്ടാണ് അന്വേഷണം കൊണ്ടുപോയത്.'

തൃശൂർ: മകന് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് എങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 2017 ലാണ് എന്റെ മകൻ മരിച്ചത്. അന്വേഷിച്ച ഉദ്യോ​ഗസ്ഥൻമാർ 3 പേരും അവർക്ക് അനുകൂലമായിട്ടാണ് അന്വേഷണം കൊണ്ടുപോയത്. അങ്ങനെയാണ് ഞാൻ കോടതിയെ സമീപിച്ചത്. അതിന് ശേഷമാണ് തുടരന്വേഷണം വേണമെന്ന ഉത്തരവ് ഇപ്പോൾ വന്നിരിക്കുന്നത്. എന്റെ മകനെ അതിക്രൂരമായാണ് അവർ മർദിച്ചത്. അത് കാരണമാണ് അവൻ മരിച്ചത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. വിനായകന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

വിനായകന്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് തൃശൂർ എസ് സി, എസ് ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലമോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും വിനായകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് കുടുംബം പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്