ചെണ്ടയില്‍ വ്യത്യസ്തത കൊണ്ടുവന്ന് മൂന്നാമത്തെ തവണയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് വിഷ്ണു സ്വന്തമാക്കുന്നത്. 

കോഴിക്കോട്: നടന്ന് ചെണ്ട കൊട്ടി വിഷ്ണു ഒടുമ്പ്ര സ്വന്തമാക്കിയത് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ്. ഒന്‍പത് മണിക്കൂര്‍ 29 മിനുട്ട് തുടര്‍ച്ചയായി നടന്നു ചെണ്ട കൊട്ടിയപ്പോള്‍ വിഷ്ണു പിന്നിട്ടത് 36 കിലോമീറ്ററാണ്. അങ്ങനെ പിറവിയെടുത്തതാണ് ലോക റെക്കോര്‍ഡ്. 'ചെണ്ട കൊട്ടല്‍ യജ്ഞവും നടത്തവും' എന്നതിലാണ് വിഷ്ണുവിന്റെ പുതിയ റെക്കോര്‍ഡ്. കേരളത്തിന്റെ സ്വന്തം തനത് വാദ്യമായ ചെണ്ടയില്‍ വ്യത്യസ്തത കൊണ്ടുവന്ന് മൂന്നാമത്തെ തവണയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് വിഷ്ണു സ്വന്തമാക്കുന്നത്. 

കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അധ്യക്ഷയായി. ജോസ്, പീറ്റര്‍ എന്നീ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് പ്രതിനിധികളാണ് പരിശോധനക്കെത്തിയത്. മൂന്ന് തവണ ലോക റെക്കോര്‍ഡ് നേടുക എന്ന് പറയുന്നത് നിസാര കാര്യമല്ലെന്നും അപൂര്‍വത്തില്‍ അപൂര്‍വമായിട്ടാണ് ഒരു വ്യക്തി മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് റെക്കോര്‍ഡ് പ്രഖ്യാപനത്തിനിടെ ജോസ് വ്യക്തമാക്കി. 

നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിഷ്ണുവിന് പ്രോത്സാഹനവുമായി എത്തിയത്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ. നിര്‍മല, തിരുവണ്ണൂര്‍ ഗവ. യുപി സ്‌കൂള്‍ പ്രധാനധ്യാപിക ലാലി തോമസ്, അധ്യാപകന്‍ അലി അക്ബര്‍, ഒടുമ്പ്ര വാര്‍ഡ് മെമ്പര്‍ പി. ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു. ഒടുമ്പ്ര തിരുത്തിത്താഴത്ത് ടി.ടി സ്വാമി പ്രസാദ് -എം. ദീപ ദമ്പതികളുടെ മകനാണ് വിഷ്ണു. വിനായക് സഹോദരനാണ്.

2022 ജനുവരിയില്‍ 17 മുതല്‍ 21 വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ 104 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ട കൊട്ടിയാണ് വിഷ്ണു ആദ്യ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2023 മെയ് 13ന് ഒളവണ്ണ പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ വെച്ച് 'ഒരു മിനിറ്റില്‍ 704 തവണ ചെണ്ട കൊട്ടി' ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് രണ്ടാമതും കരസ്ഥമാക്കി. 

സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി; വീടുകളില്‍ നേരിട്ടെത്തി കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മന്ത്രി

YouTube video player