കോഴിക്കോട്: പേരാമ്പ്ര ജിയുപി സ്‌കൂളില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണില്‍ നിന്ന് വിഷു സദ്യ നല്‍കി. ഉച്ചയ്ക്ക് 12 മണി മുതല്‍ പായസം ഉള്‍പ്പെടെയാണ് നല്‍കിയത്. മാര്‍ച്ച് 27 ന് ആരംഭിച്ച കമ്യൂണിറ്റി കിച്ചണില്‍ ദിവസവും 150ലധികം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി വരുന്നുണ്ട്. അതിഥി തൊഴിലാളികളും തെരുവില്‍ നിന്ന് പുനരധിവസിപ്പിച്ചവരും ഇതില്‍  ഉള്‍പ്പെടും.  

കൂടാതെ വീടുകളില്‍ ഒറ്റക്കു കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് വളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നുമുണ്ട്.  കുടുംബശ്രീ സിഡിഎസ് അംഗങ്ങളും ,പഞ്ചായത്ത് അംഗങ്ങളുമാണ്  കമ്യൂണിറ്റി കിച്ചന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.   പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെഎം റീന, സെക്രട്ടറി ഒ മനോജ്  അസിസ്റ്റന്റ് സെക്രട്ടറി വിവി രാജീവന്‍  തുടങ്ങിയവരാണ് നേതൃത്വം വഹിക്കുന്നത്.    പേരാമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാനൂറോളം  അതിഥി തൊഴിലാളികള്‍ക്ക്  അവരുടെ താമസസ്ഥലത്ത് അരിയും ആട്ടയും
എത്തിച്ചു നല്‍കിയിട്ടുമുണ്ട്.