ശിവന്റെയും അയ്യപ്പന്റെയും രൂപങ്ങള്‍ വാഹനത്തിന്റെ മുമ്പിലും മറ്റുള്ള ഭാഗങ്ങള്‍ പുല്ലുകള്‍ കൊണ്ടും അലങ്കരിച്ചെത്തിയ വാഹനം പുത്തന്‍ അനുഭവമാണ് മൂന്നാറുകാര്‍ക്ക് സമ്മാനിച്ചത്. 

മൂന്നാര്‍: ആത്മീയ യാത്രക്കൊപ്പം അല്പം വിനോദവും തേടിയാണ് തിരുവന്തപുരം വര്‍ക്കല പാര്‍ത്തുകോണം മണമ്പൂരിലെ അയ്യപ്പ ഭക്തര്‍ മൂന്നാറിലെത്തിയത്. ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് അതേ വാഹനത്തിലായിരുന്നു മൂന്നാറിലേക്കുള്ള യാത്രയും. മലയാത്രക്ക് ശേഷം മണ്ഡല കാലത്തിന്റെ ആത്മീയ സന്ദേശം സമൂഹത്തിന് നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് വീടുകളിലേക്ക് മടങ്ങാതെ അലങ്കരിച്ച വാഹനവുമായി 35 ഓളം വരുന്ന യുവ ഭക്തന്‍മാര്‍ മൂന്നാറിലെത്തിയത്. 

ഏഴുവര്‍ഷമായി മുടങ്ങാതെ അയ്യപ്പനെ കാണുവാന്‍ പോകുന്ന സംഘം എപ്പോഴും വ്യത്യസ്തത പുലര്‍ത്തിയാണ് മല കയറുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തരെ ആകര്‍ഷിക്കുകയാണ് അലങ്കരിച്ച വാഹനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ പറയുന്നു. എവിടെ ചെന്നാലും വാഹനത്തിന്റെ രൂപമാറ്റം കാണുന്നതിനും മൊബൈല്‍ കാമറകളില്‍ ഒപ്പിയെടുക്കുന്നതിനും പലരും ശ്രമിക്കുന്നു. 

വിവേക് പൗരസമിതിയുടെ നേത്യത്വത്തിലെത്തിയ സംഘം മൂന്നാറും വട്ടവടയുമടക്കം സന്ദര്‍ശിക്ക് വൈകുന്നേരത്തോടെ നാട്ടിലേക്ക് മടങ്ങും. ശിവന്‍ അയ്യപ്പന്‍ എന്നിവരുടെ രൂപങ്ങള്‍ വാഹനത്തിന് മുമ്പിലും മറ്റുള്ള ഭാഗങ്ങള്‍ പുല്ലുകളുകൊണ്ടും അലങ്കരിച്ച വാഹനം ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ്.