രാത്രി 7.30ഓടെ തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഇതുവഴി വരികയായിരുന്ന ഒരു വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞത്.

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ വിലസുന്ന കടുവയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.20 ഓടുകൂടി, തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതുവഴി ഈ സമയം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരുടെ കാറിന്റെ ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് പിടികൂടാൻ കൂടു വെച്ച പ്രദേശത്തു കൂടെ തന്നെ കടുവ രാത്രി നടന്നുപോയത്. പിന്നാലെ വനം വകുപ്പിന്റെ ആർആ‌ർടിയും വെറ്ററിനറി ടീമും തെരച്ചിൽ തുടങ്ങി. കടുവെയ പിടികൂടാൻ ഇന്നു മറ്റൊരു കൂടു കൂടി വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ചു. ഇതോടെ മേഖലയിൽ കടുവയ്ക്കായി വച്ച കെണികളുടെ എണ്ണം അഞ്ചായി.

ചൊവ്വാഴഅച കടുവ വീണ്ടും ഒരു ആടിനെ കൂടി കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായി. തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് ചൊവ്വാഴ്ച കടുവ പിടിച്ചത്. ആടിനെ കൊന്നത് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. പുലർച്ചെ 4 മണിക്കാണ് വീണ്ടും കടുവ വന്നത്. ആടിനെ വലിക്കാൻ നോക്കിയെങ്കിലും ജഡം കെട്ടി ഇട്ടതിനാൽ കടുവയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വന്നു. മയക്കുവെടിക്ക് ഒരുങ്ങുമ്പോൾ കടുവ മടങ്ങി എന്നും ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം