ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വീട്ടിലേക്കെത്തുന്നവര്‍ക്ക് അറിയിപ്പുമായി ആലപ്പുഴയിലെ ഈ വോട്ടര്‍. നഗരസഭയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സരരംഗത്തുള്ള സക്കറിയാ വാര്‍ഡിലെ ബംഗ്ലാവ് പറമ്പില്‍ നാസര്‍ കാസിമാണ് ഇത്തരമൊരു അറിയിപ്പിന് പിന്നില്‍. ബഹുമാനപ്പെട്ട സ്ഥാനാര്‍ത്ഥികളേ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്ളതിനാല്‍ വോട്ട് ചോദിക്കാനായി ആരും വരരുത്. വിവേകപൂര്‍വ്വം വോട്ട് ചെയ്തോളാം.

എന്നാണ് ഗേറ്റിന് മുന്നിലെ അറിയിപ്പ്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാനാണ് മുന്നറിയിപ്പെന്ന് കാസിം വിശദമാക്കുന്നു. റെഡ്ക്രോസ് സംഘടനയുടെ കാര്യദർശിയും ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യുട്ടീവ് അംഗവുമായ കാസിംനാസർ ആലപ്പുഴയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ്. നാസര്‍ കാസിമിന്‍റെ വീടിരിക്കുന്ന വാര്‍ഡില്‍ പതിമൂന്ന് പേരാണ് മത്സര രംഗത്തുള്ളത്.