Asianet News MalayalamAsianet News Malayalam

'പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു, വൈറ്റില മോഡൽ ഹബ് നിർമ്മാണം ഫെബ്രുവരിയിൽ'; എറണാകുളത്ത് പുതിയ ബസ് സ്റ്റാന്‍ഡ്

'ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും.'

vyttila hub model new bus stand terminal at ernakulam joy
Author
First Published Jan 14, 2024, 6:20 PM IST

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കാന്‍ ധാരണയായിയെന്ന് മന്ത്രി പി രാജീവ്. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെ.എസ്.ആര്‍.ടി.സി വിട്ടു നല്‍കും. ഈ മാസം 29ന് എംഒയു ഒപ്പുവക്കും. അതിനു ശേഷം മണ്ണ് പരിശോധന നടത്തി ഡി.പി.ആര്‍ തയ്യാറാക്കും. കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. 

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. കൊച്ചി നഗരത്തിന് കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകള്‍ സ്വന്തമാകും. കരിക്കാമുറിയിലെ സ്ഥലത്ത് ഹബ്ബ് വരുമ്പോള്‍ അതിനോടു ചേര്‍ന്നു തന്നെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്ന സൗകര്യം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. 

ബസ് സ്റ്റാന്റ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ ഉമേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുകയാണെന്ന് മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. ''ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന കെഎസ്ആര്‍ടിസി ഉടമസ്ഥതയിലുള്ള വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലത്താണ് സ്റ്റാന്‍ഡ് ഉയരുക. സ്മാര്‍ട്ട് സിറ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടക്കുക. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ നേതൃത്വത്തില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. ഈ സ്ഥലം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറമേ എല്ലാ സ്വകാര്യ ബസ്സുകള്‍ക്കും കയറാനുള്ള സൗകര്യം ഉണ്ടാകും. ഇവിടെ നിന്ന് വളരെ അടുത്താണ് സൗത്ത് റെയില്‍വേ സ്റ്റേഷനും, മെട്രോ സ്റ്റേഷനും. ബസ് സ്റ്റാന്റിലേക്ക് കയറാനുള്ള റോഡിന്റെ വീതി ഒരു തര്‍ക്ക വിഷയമായിരുന്നു. ഒപ്പം ചില സാങ്കേതിക പ്രശ്‌നങ്ങളും. കെഎസ്ആര്‍ടിസി, നഗരസഭ, സ്മാര്‍ട്ട് സിറ്റി, വൈറ്റില മൊബിലിറ്റി ഹബ്ബ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ഒരുപാട് വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് ചില കുരുക്കുകള്‍ ഉണ്ടാകാന്‍ കാരണമായത്. കെഎസ്ആര്‍ടിസി ഈ സ്ഥലം വിട്ടു നല്‍കുന്നതിന് പകരം തതുല്യമായ ഭൂമി അവര്‍ക്ക് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നല്‍കുന്നുണ്ട്. ഉടമസ്ഥത കൈമാറുന്നില്ല ഉപയോഗ ആവശ്യമാണ് പരസ്പരം കൈമാറുന്നത്. എല്ലാ പ്രശ്‌നങ്ങളും ഇന്ന് പരിഹരിച്ചു.'' അടുത്തമാസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മേയറും അറിയിച്ചു.
 

19കാരിയായ ഗര്‍ഭിണിക്ക് നേരെ ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് ആക്രമണം; 20കാരന്‍ കാമുകന്‍ പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios