എറണാകുളത്ത് നിന്നാണ് അസ്‌കര്‍ തൈ വാങ്ങി വീട്ടില്‍ നട്ടു പിടിപ്പിച്ചത്. ഏഴു മാസം കൊണ്ട് കായ്ച്ചു വിളവെടുക്കാന്‍ തുടങ്ങിയെന്നു അസ്‌കര്‍ പറയുന്നു.
മലപ്പുറം: പച്ചക്കറിയായും പഴവുമായും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കനിയെ പരിചയപ്പെടുത്തട്ടെ. സ്വര്‍ഗത്തിലെ കനിയെന്ന് (Gac Fruit) അറിയപ്പെടുന്ന ഈ പഴം കേരളത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ഈ അപൂര്‍വ്വയിനം പഴം ഇന്ന് പുത്തനത്താണിയിലെ അസ്‌കറിന്റെ മുറ്റത്ത് തഴച്ചു വളരുന്നുണ്ട്. തായ്‌ലാന്റ്, ഓസ്‌ട്രേലിയ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ തഴച്ചുവളരുന്ന പഴമാണ് ഇവടേയും കായ്ച്ചത്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ പഴങ്ങള്‍ പാഷന്‍ ഫ്രൂട്ടിനു (Passion Fruit) സമാനമാണ്.
എറണാകുളത്ത് നിന്നാണ് അസ്‌കര്‍ തൈ വാങ്ങി വീട്ടില്‍ നട്ടു പിടിപ്പിച്ചത്. ഏഴു മാസം കൊണ്ട് കായ്ച്ചു വിളവെടുക്കാന്‍ തുടങ്ങിയെന്നു അസ്‌കര്‍ പറയുന്നു. ഒരുചെടിയില്‍നിന്ന് വര്‍ഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകത ഗാക് ഫ്രൂട്ടിനുണ്ട്. പഴം മുറിച്ചാല്‍ കടും ചുവപ്പ് നിറത്തിലാണ് അകവശത്തെ ചുളകള്‍ കാണുക. ജ്യൂസായും സൂപ്പാക്കിയും തോരന്‍ കറിവച്ചും ഉപയോഗിക്കാം.
ഇലകള്‍ പച്ചക്കറിയായും ഉപയോഗിക്കാം. നേരിയ ചവര്‍പ്പ് രുചിയുണ്ടെങ്കിലും വിറ്റാമിന്‍ സി, പലതരം മൂലകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗാക് ഫ്രൂട്ട്. കിലോയ്ക്ക് 1000 മുതല്‍ 1500 രൂപവരെയാണ് വിപണിയില്‍ ഈ ഫ്രൂട്ടിന് വില ലഭിക്കുന്നത്. രുചിയും ഔഷധ ഗുണവുമുള്ള ഗാക് കൃഷിക്ക് പുത്തനത്താണിയിലെ മണ്ണും കാലാവസ്ഥയും ഏറെ അനുയോജ്യമെന്നാണ് അസ്‌കര്‍ പറയുന്നത്. വിത്ത്, തണ്ട്, കിഴങ്ങ് എന്നിവയാണ് ഇതിന്റെ നടീല്‍ വസ്തുക്കള്‍. ഗാകിന് പ്രത്യേക പരിചരണം ആവശ്യമില്ല. കീട രോഗബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതും ഗാക് ഫ്രൂട്ട് കൃഷിയുടെ ഒരു വലിയ പ്രത്യേകതയാണ്.
