അലക്കികൊണ്ടിരിക്കേ വാഷിങ് മെഷീന് തീ പിടിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഈസ്റ്റ് വെനീസ് ഷോറും ഉടമ പുന്നപ്ര പൊലീസ് സ്റ്റേഷന് കിഴക്ക് മാക്കിയില്‍ ഗാര്‍ഡണ്‍സില്‍ കമാല്‍ എം മാക്കിയിലിന്‍റെ വീട്ടിലെ വാഷിങ് മെഷീനാണ് കത്തി നശിച്ചത്.

അമ്പലപ്പുഴ: അലക്കികൊണ്ടിരിക്കേ വാഷിങ് മെഷീന് തീ പിടിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഈസ്റ്റ് വെനീസ് ഷോറും ഉടമ പുന്നപ്ര പൊലീസ് സ്റ്റേഷന് കിഴക്ക് മാക്കിയില്‍ ഗാര്‍ഡണ്‍സില്‍ കമാല്‍ എം മാക്കിയിലിന്‍റെ വീട്ടിലെ വാഷിങ് മെഷീനാണ് കത്തി നശിച്ചത്. ഇന്ന് പകല്‍ 11:30 ഓടെയായിരുന്നു സംഭവം. കമാലിന്‍റെ ഭാര്യയും സഹായിയായ സ്ത്രീയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. 

വീടിന്‍റെ ഒന്നാം നിലയിലെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിട്ടുള്ള വാഷിങ് മെഷീനില്‍ തുണി കഴുകാനിട്ട ശേഷം ഇവര്‍ പുറത്തേക്കിറങ്ങി. ഈ സമയം വലിയ ശബ്ദം കേട്ട് ഇരുവരും ഓടിയെത്തിയപ്പോള്‍ ആളിക്കത്തിയ വാഷിങ്‌ മെഷീനില്‍ നിന്ന് മുറിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പുന്നപ്ര പൊലീസും സ്ഥലത്തെത്തി. മുറിയിലും മെഷീനിലുമുണ്ടായിരുന്ന വസ്ത്രങ്ങള്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, വയറിങ്, മുറിയുടെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ എന്നിവ കത്തിനശിച്ചു. 1.5 ലക്ഷം രൂപയുടെ നഷ്ടംകണക്കാക്കുന്നു.