കോഴിക്കോട് :  ദേശീയപാതയിൽ താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്റ്റേഷന് മുന്‍വശത്ത്  മാലിന്യം തള്ളിയ വ്യക്തിക്കെതിരെ ഗ്രാമ പഞ്ചായത്ത് പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്തിക്കെതിരെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ 14-ാം തിയ്യതി രാവിലെ ഇദ്ദേഹം ടൗണില്‍ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതി കൈമാറുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ്  10000 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കുറ്റക്കാരന് നോട്ടീസ് നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.