ആലപ്പുഴ: ചാരുംമൂട് ദേശീയ പാതയില്‍ വീടുകള്‍ക്ക് സമീപം മാലിന്യം നിക്ഷേപിക്കുന്നു. കൊല്ലം - തേനി ദേശീയ പാതയില്‍ താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിനു വടക്കുവശമുള്ള വീടുകള്‍ക്ക് മുന്നിലാണ് ഇറച്ചിക്കോഴികളുടെ മാലിന്യങ്ങളും ചത്ത കോഴികളെയും വലിയ ചാക്കുകളിലാക്കി നിക്ഷേപിച്ചത്. ഇന്ന് രാവിലെ അസഹനീയമായ ദുര്‍ഗ്ഗന്ധം വമിച്ചതോടെയാണ് മാലിന്യ നിക്ഷേപം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ദേശീയ പാതയില്‍ ചാരുംമൂട് - താമരക്കുളം ഭാഗങ്ങളില്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ചാവടി ജംഗ്ഷന് വടക്ക് ഭാഗത്തും മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു.