മാലിന്യങ്ങള്‍ പെരുകുന്നത് കണക്കിലെടുത്ത് 2001ലാണ് പാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷണമാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്ലാന്‍റിന്‍റെ സമീപത്ത് പന്നി ഫാം തുടങ്ങുകയും ചെയ്തു. മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ പിന്മാറിയതോട അവതാളത്തിലായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും ഇടയ്ക്കിടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നത് പതിവായി. 

ഇടുക്കി: ആയിരക്കണക്കിന് തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന മൂന്നാറിലെ കല്ലാർ എസ്‍റ്റേറ്റില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. എസ്‍റ്റേറ്റില്‍ മാലിന്യങ്ങള്‍ പെരുകിയതോടെ രോഗഭീതിയിലാണ് തൊഴിലാളികള്‍. കോടികൾ മുടക്കി പഞ്ചായത്ത് സ്ഥാപിച്ച പ്ലാന്‍റിന്‍റെ പ്രവർത്തനം അധികൃതരുടെ കെടുകാര്യസ്ഥതമൂലം നിലച്ചതാണ് കല്ലാർ മാലിന്യ കൂമ്പാരമായി മാറാൻ കാരണം. നല്ലതണ്ണി റോഡിൽ പ്രവർത്തിക്കുന്ന പ്ലാന്‍റിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ പദ്ധതികളാണ് ആവിഷ്കരിച്ചത്. ദീര്‍ഘവീക്ഷണമില്ലായ്മയും വ്യക്തമായ ആസൂത്രണമില്ലായ്മയും പഞ്ചായത്തിന്‍റെ കീഴില്‍ നടന്ന മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. 

മാലിന്യങ്ങള്‍ പെരുകുന്നത് കണക്കിലെടുത്ത് 2001ലാണ് പാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷണമാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്ലാന്‍റിന്‍റെ സമീപത്ത് പന്നി ഫാം തുടങ്ങുകയും ചെയ്തു. മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ പിന്മാറിയതോട അവതാളത്തിലായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും ഇടയ്ക്കിടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നത് പതിവായി. 

തുടര്‍ന്ന് മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അടങ്ങുന്ന സംഘം ദില്ലി മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന്‍റെ വെളിച്ചത്തില്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒന്നരക്കോടി അനുവദിച്ചു. എന്നാല്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. 

ഇത് രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇടയ്ക്ക് ദുര്‍ഗന്ധം വമിക്കുകയും കൊതുകു ശല്യം രൂക്ഷമായതോടെ സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മഹാപ്രളയത്തില്‍ ഇവിടെ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും ഒഴുകിപ്പോയെങ്കിലും വീണ്ടും മാലിന്യങ്ങള്‍ നിരന്ന് മാലിന്യമൈതാനമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന നടപടികള്‍ വീണ്ടും കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സത്വരമായി കൈക്കൊണ്ടില്ലെങ്കില്‍ മാലിന്യങ്ങള്‍ മൂന്നാറിന് അഴിയാക്കുരുക്കായി മാറിയേക്കും.