Asianet News MalayalamAsianet News Malayalam

ബില്ല് പാസാക്കാന്‍ കൈക്കൂലി; വാട്ടർ അതോറിറ്റി എഞ്ചിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു

ബിൽ തുക മൂന്ന് മാസമായിട്ടും നൽകാതെ പിടിച്ചു വെച്ച് ശേഷം ഇയാള്‍ കരാറുകാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

water authority engineer arrested by vigilance for taking bribe in thiruvananthapuram
Author
Thiruvananthapuram, First Published Sep 15, 2021, 1:15 PM IST

തിരുവനന്തപുരം: ബില്ല് പാസാക്കി നല്‍കാന്‍ കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി എഞ്ചിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കേരളാ വാട്ടർ അതോറിറ്റി പബ്ളിക് ഹെൽത്ത്  നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെ ആണ് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പൈപ്പുകൾ മാറ്റുന്ന വർക്കുകളും അനുബന്ധ വർക്കുകളും പൂർത്തീകരിച്ച  ശേഷം കൊടുത്ത ബിൽ തുക മൂന്ന് മാസമായിട്ടും നൽകാതെ പിടിച്ചു വെച്ച് ശേഷം ഇയാള്‍ കരാറുകാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പി എച്ച് നോർത്ത് ഡിവിഷൻ കീഴിൽ അമൃത് പദ്ധതി 2017-2018 ലെ പദ്ധതി പ്രകാരം  ശ്രീകാര്യത്തിനടുത്തുള്ള ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന വർക്കുകളും അനുബന്ധ വർക്കുകളും  പൂർത്തീകരിച്ച ശേഷം  എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസ്സാകാത്തതു കൊണ്ട് കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെ മുമ്പ് നേരിട്ട് കണ്ട് പല പ്രാവശ്യം ബിൽ മാറിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ബിൽ പാസ്സാക്കുന്നതിന് 10000  രൂപ കൈക്കൂലി വേണമെന്ന് ജോൺ കോശി ആവശ്യപ്പെടുകയുണ്ടായി. അത് കൊടുക്കാൻ മനോഹരൻ തയ്യാറാകാതെ വന്നപ്പോൾ ടി വർക്ക് ബിൽ പതിനാറ് മാസത്തോളം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് താമസപ്പിച്ചു. തുടർന്ന് പരാതിക്കാരൻ ബഹു. ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്ന് പതിനഞ്ച് ദിവസത്തിനകം ബിൽ തുക മാറിക്കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ബിൽ മാറിക്കൊടുക്കാത്തതിനാൽ വീണ്ടും പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ബിൽ മാറി കൊടുക്കുന്നതിനുള്ള നടപടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശി സ്വീകരിച്ചത്. 

തുടർന്ന് 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു. എന്നാൽ മുഴുവൻ തുകയും മാറി കിട്ടാത്തതിനാൽ കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സമീപിച്ചപ്പോൾ 45000/ രൂപ കൂടി ജോൺ കോശി കൈക്കൂലി ആവശ്യപ്പെടുകയും മുഴുവൻ തുകയും മാറിയശേഷം കാണാമെന്ന് മനോഹരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് മുഴുവൻ തുകയും കരാറുകാരന് മാറി കൊടുക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു ആവശ്യത്തിനായി എഞ്ചിനീയറുടെ കാര്യാലയത്തിലെത്തിയ കരാറുകാരനെ അവിടെ വച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാണുകയും ഉറപ്പ് നൽകിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം തരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. 

കോടതിയിൽ 2000 രൂപയോളം ചിലവായെന്നും ആയതിനാൽ തുക കുറയ്ക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ചിലവ് ഒഴിച്ചുള്ള 25000 രൂപയെങ്കിലും നിർബന്ധമായും വേണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാറുകാരനോട് ആവശ്യപ്പെടുകയും ഇക്കാര്യം കരാറുകാരനായ മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടായ  കെ.ഇ ബൈജുവിനെ അറിയിക്കുകയും ചെയ്തു. 

കെ.ഇ ബൈജുവിന്‍റെ മേൽ നോട്ടത്തിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ ഡി.വൈ.എസ്.പി അശോകകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വെള്ളയമ്പലത്തുള്ള പി.എച്ച് ഡിവിഷൻ ഓഫീസിൽ വച്ച് ഇന്നലെ രാവിലെ 12.30 മണിയോടെ കരാറുകാരനിൽ നിന്നും 25000/- രൂപ കൈക്കൂലി വാങ്ങവേ ജോൺ കോശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി  മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി അശോക കുമാറിനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്കൃഷ്ണൻ, അനിൽകുമാർ എസ്.ഐമാരായ അജിത്ത് കുമാർ, .സുരേഷ് കുമാർ തുടങ്ങിയവരും  ഉണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios