തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിന് പിന്നാലെ റോഡിൽ ലോറി താഴ്ന്നത് ഏറെ നേരം ജനത്തെ വലച്ചു. മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ജലവിതരണം പഴയ നിലയിലാവാൻ രാത്രിയാകും.

സ്ഥിരമായി പൈപ്പ് പൊട്ടുന്ന അമ്പലമുക്ക്-മുട്ടട റോഡിൽ ഇന്നലെ രാത്രിയോടെയാണ്  പൈപ്പ് പൊട്ടി വെള്ളം ചെറിയ രീതിയിൽ പുറത്തേക്കൊഴുകിയത്.

ഇന്ന് രാവിലെ തമിഴ്നാട്ടിൽ നിന്നും അമ്പലമുക്കിലെ കെട്ടിടനിർമ്മാണ സ്ഥലത്തേക്ക് പാറപ്പൊടിയും കയറ്റിവന്ന ലോറി പൈപ്പ് പൊട്ടിയ റോഡിൽ താഴ്ന്നു. 

ലോറി താഴ്ന്ന് റോഡിൽ വലിയ കുഴി തന്നെ രൂപപ്പെട്ടു. ഇതോടെ പൈപ്പിലെ പൊട്ടൽ ശക്തമായി. പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ പറയുന്നു.

ഏറെ നേരം പാട് പെട്ടാണ് ലോറി കുഴിയിൽ നിന്നും കയറ്റിയത്. പൈപ്പ് ലൈൻ പൊട്ടിയതിനാൽ മുട്ടട, പുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.

ചിത്രങ്ങൾ: ദീപു എം നായർ