ചാരുംമൂട്: വാട്ടർ കണക്ഷൻ നൽകുന്നതിന് മുൻപേ ഡിസ്കണക്ഷൻ നോട്ടീസുമായി വാട്ടർ അതോറിറ്റി. പാലമേൽ ആതികാട്ടുകുളങ്ങര തൊട്ടതുവടക്കേതിൽ അബ്ദുൽ ഹക്കിം, വാലുതുണ്ടിൽ അബ്ദുൽ  ജലീൽ, തൊട്ടതുവടക്കേതിൽ സബീദാമ്മാൾ എന്നിവർക്കാണ് വാട്ടർ അതോറിറ്റിയുടെ  നോട്ടീസ് ലഭിച്ചത്. 

വാട്ടർ കണക്ഷന് നേരത്തെ അപേക്ഷ നൽകിയിരുന്നു. കൊവിഡ് കാലമായതിനാൽ ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷമേ കണക്ഷൻ ലഭിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ തിങ്കളാഴ്ച്ചയാണ് കണക്ഷൻ നൽകുന്നതിനുള്ള  ജോലിക്ക് ജീവനക്കാർ എത്തിയത്. എന്നാൽ തൊഴിലാളികൾ പണി നടത്തിക്കൊണ്ടിരുന്നപ്പോൾ തന്നെ ബില്ലുമായി ജീവനക്കാരനും എത്തി. കണക്ഷൻ ഇന്ന് ലഭിക്കുന്നതേയുള്ളുവെന്ന് അറിയിച്ചിട്ടും ബില്ല് സമർപ്പിച്ചു മടങ്ങുകയായിരുന്നു ജീവനക്കാരൻ. 

ജൂൺ മൂന്ന് എന്ന് രേഖപ്പെടുത്തിയ ബില്ലിൽ രണ്ടുമാസത്തെ വെള്ളം ഉപയോഗിച്ചതിനുള്ള ചാർജ് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ജൂലൈ 17ന് മുൻപ് പിഴയോടുകൂടി പണമടക്കണമെന്നും അറിയിപ്പുണ്ട്. വാട്ടർ അതോറിറ്റി മാവേലിക്കര സബ് ഡിവിഷൻ ഓഫീസിന്റേതാണ് ഈ വിചിത്ര ബിൽ.