യാര്‍ലുങ് സാങ്പോ നദിയിലെ ഡാം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുവെന്നും ചൈനയെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റാനഗർ: അരുണാചൽ പ്രദേശിന്‍റെ അതിർത്തിയിൽ ചൈന നിർമിക്കുന്ന അണക്കെട്ട് ജല ബോംബാണെന്ന് അരുണാചൽ മുഖ്യമന്ത്രി പെമ ഖാണ്ഡു. യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പെമ ഖാണ്ഡു പറഞ്ഞു. അന്താരാഷ്ട്ര ജല ഉടമ്പടിയില്‍ ചൈന ഒപ്പുവെച്ചിരുന്നെങ്കില്‍ അവർ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമായിരുന്നു. ചൈനയെ വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും അറിയില്ലെന്ന് അരുണാചൽ മുഖ്യമന്ത്രി പറഞ്ഞു.

ചൈനയുടെ സൈനിക ഭീഷണി മാറ്റിനിര്‍ത്തിയാല്‍, മറ്റെന്തിനേക്കാളും വലിയ പ്രശ്‌നമാണെന്ന് ഈ ഡാമെന്ന് അരുണാചൽ മുഖ്യമന്ത്രി പറഞ്ഞു. ഇത് ഗോത്ര വിഭാഗങ്ങളുടെ ഉപജീവന മാർഗത്തിനും നിലനില്‍പ്പിന് തന്നെയും ഭീഷണിയാകാന്‍ പോവുകയാണ്. ചൈന ഇത് ഒരുതരം ജല ബോംബ് ആയി പോലും ഉപയോഗിക്കാനിടയുണ്ടെന്ന് അരുണാചൽ മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ജല ഉടമ്പടിയില്‍ ചൈന ഒപ്പുവച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഒരു അനുഗ്രഹമാകുമായിരുന്നുവെന്നും ഖാണ്ഡു പറഞ്ഞു. കരാറില്‍ ഒപ്പുവെച്ചിരുന്നെങ്കിൽ, ജലജീവികള്‍ക്കും സമുദ്രജീവികള്‍ക്കും വേണ്ടി നദീതടത്തിനായി നിശ്ചിത അളവില്‍ വെള്ളം ഒഴുക്കി വിടേണ്ടി വരുമായിരുന്നു. ബ്രഹ്‌മപുത്ര ഒഴുകുന്ന അരുണാചല്‍ പ്രദേശ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം ഇത് തടയുമായിരുന്നുവെന്നും അരുണാചൽ മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ട് നിര്‍മിച്ച് അവര്‍ പെട്ടെന്ന് വെള്ളം തുറന്നു വിടുകയാണെങ്കില്‍ സിയാങ് ബെല്‍റ്റ് മുഴുവന്‍ ഇല്ലാതാകുമെന്നും അരുണാചൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

2021 ല്‍ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമാണ് യാര്‍ലുങ് സാങ്പോ അണക്കെട്ട് പ്രഖ്യാപിച്ചത്. ഇത് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ജല വൈദ്യുത അണക്കെട്ടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി ലോല പ്രദേശത്താണ് ഈ പദ്ധതി. ഭൂകമ്പ സാധ്യതയുള്ള സ്ഥലത്താണ് ചൈനയുടെ അണക്കെട്ട് നിർമാണം എന്നത് സംബന്ധിച്ചും ആശങ്കയുണ്ട്.