വീയപുരം കൃഷിഭവൻ പരിധിയിൽപ്പെട്ട പാടശേഖരങ്ങളിൽ മടവീഴ്ച്ച. അടുത്ത ആഴ്ച്ചയോടെ വിളവെടുപ്പ് നടത്തേണ്ട പാടങ്ങളിലാണ് മടവീഴച്ച.
ഹരിപ്പാട്: വീയപുരം കൃഷിഭവൻ പരിധിയിൽപ്പെട്ട പാടശേഖരങ്ങളിൽ മടവീഴ്ച്ച. അടുത്ത ആഴ്ച്ചയോടെ വിളവെടുപ്പ് നടത്തേണ്ട പാടങ്ങളിലാണ് മടവീഴച്ച. പോട്ടകളയ്ക്കാട്ട്, ഉപ്പായിക്കേരി, കട്ടക്കുഴി, മുണ്ടുതോട്,പോളത്തുരുത്ത്, വെട്ടിപ്പുതുക്കരി, നേന്ത്രവേലി 14--ാംബ്ലോക്ക്, എന്നീ പാടശേഖരത്തിലാണ്. കഴിഞ്ഞ ദിവസംമടവീണത്. കർഷകർ കൂട്ടായി മട കെട്ടിയതിനാൽ വൻ നാശനഷ്ടം ഒഴിവായി.
പള്ളിപ്പാട്,വീയപുരം ഹരിപ്പാട് വൈപ്പിൻകാട് തെക്ക്, വൈപ്പിൻകാട് വടക്ക് പാടശേഖങ്ങളും ഭീഷണിയിലാണ്. ബണ്ടിനിടയിലൂടെ വെള്ളം പാടത്തേക്ക് കയറുന്നത് തടയുന്നതിനുള്ള ശ്രമത്തിലാണ് കർഷകർ. മഴ ശക്തമാകുകയും കിഴക്കൻ വെള്ളത്തിന്റെ വരവു കൂടുകയും ചെയ്തതോടെ ആറുകളിലെയും തോടുകളിലെയും ജല നിരപ്പ് ഉയർന്നു. തോട്ടപ്പള്ളിയിൽ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും വെള്ളം ഒഴുകി മാറുന്നില്ല.
വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ ചെളിയും എക്കലും തോടുകളിൽ നിന്നു മാറ്റാതിരുന്നതാണ് പെട്ടെന്ന് വെള്ളം പൊങ്ങാൻ കാരണമായി പറയുന്നത്. പാടശേഖരത്തിന്റെ പുറംബണ്ടിന്റെ ബലക്ഷയവും മടവീഴ്ച ഉണ്ടാകാൻ കാരണമാകുന്നു. തോട്ടപ്പള്ളി പൊഴി അടഞ്ഞു കിടക്കുന്നതാണ് വെള്ളം ഒഴുകി മാറുന്നതിന് തടസ്സമെന്നാണ് കർഷകർ പറയുന്നത്. വീയപുരം നേന്ത്രവേലി 14-ാം ബ്ലോക്ക് പാടം മടവീണ നിലയിൽ.
ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ മറന്നു, കുട്ടിയെ കണ്ടെത്തി പൊലീസ്
ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നുവച്ചു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ ഭയന്ന് വിറച്ച് അമ്മ. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ മറന്നുപോയത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോകുകയായിരുന്നു. പോയ പോക്കിൽ ഇയാൾ കുട്ടിയെയും കൂട്ടി. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂട്ടിയില്ല.
തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്.
