ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിയ്ക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ ഒരുക്കി.  ജലനിരപ്പ് 2391 അടി പിന്നിട്ടതോടെ ഇന്നലെ ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.  

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവില്‍ പ്രളയ ഭീതിയില്ലെങ്കിലും അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. എന്‍ഡിആര്‍എഫ് സംഘം ഇടുക്കിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകളും ഒരുക്കി. 2018ല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ എറണാകുളം, തൃശൂര്‍ ജില്ലകളേയും ബാധിച്ചിരുന്നു. ഈ ജില്ലകളിലും ജാഗ്രത ആവശ്യമായതിനാല്‍ ജില്ലാ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരും. മുല്ലപെരിയാര്‍ ജലനിരപ്പ് 126 അടി പിന്നിട്ടെങ്കിലും ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.