തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളവിതരണം പൂർവസ്ഥിതിയിലേക്ക്. അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണം പൂർത്തിയായി. ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം.

പരാതികളില്ലാതെയായിരുന്നു ആദ്യ ഘട്ട നവീകരണം. അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ പമ്പിംഗ് സെറ്റുകൾ വേർപ്പെടുത്തി പുതുക്കുന്ന ജോലികൾ പൂർത്തിയായി. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ നേരെത്തെയാണ് രണ്ട് പ്ലാന്റുകളിലെയും ജോലികൾ തീർത്ത് പമ്പിംഗ് തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങി. ഇന്ന് രാത്രിയോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തും. നാളെ രാത്രിയോടെ കുടിവെള്ളവിതരണം പൂർവ്വ സ്ഥിതിയിലാകും. 

രണ്ടാം ഘട്ട നവീകരണം നടക്കുന്ന ജനുവരി നാലിന് പതിനാറ് മണിക്കൂർ നേരത്തേക്കാണ് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുക. ജനുവരി പതിനൊന്നിന് മൂന്നാം ഘട്ടവും ഫെബ്രുവരി രണ്ടിന് നാലാം ഘട്ടവും പൂർത്തിയാക്കുമെന്ന് വാട്ടർ അതോററ്റിയിലെ ചീഫ് എഞ്ചിനീയർ ശ്രീകുമാർ പറഞ്ഞു. 

കോർപ്പറേഷൻ പരിധിയിലെ 57 വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്. ഓരോ വാർഡിലും മൂന്ന് വീതം ടാങ്കറുകൾ വഴി കുടിവെള്ളമെത്തിച്ചും കൺട്രോൾ റൂം ഒരുക്കിയുമാണ് നഗരസഭയും വാട്ടർ അതോറിറ്റിയും പ്രതിസന്ധി മറികടന്നത്. അടുത്ത ഘട്ടങ്ങളിലും ഈ സന്നാഹങ്ങളോടെ ഇവിടേക്ക് വെള്ളമെത്തിക്കും.