പാറശാല പരശുവയ്ക്കൽ റെയിൽവേ പാലത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്ന് വയോധിക വീണു പരുക്കേറ്റു. 

തിരുവനന്തപുരം: പാറശാല പരശുവയ്ക്കല്‍ റെയില്‍വെ പാലത്തില്‍ ജലവിതരണ പൈപ്പ് പൊട്ടി ഒഴുകി. പൈപ്പില്‍ നിന്ന് പുറത്തേക്ക് തെറിച്ച വെളളം മറികടക്കുവാന്‍ ശ്രമിച്ച വയോധിക ശക്തമായ ഒഴുക്കിൽ കാൽ തെറ്റി നിലത്തുവീണു. വെള്ളത്തിനോടൊപ്പം നീങ്ങിയ വയോധികയ്ക്ക് പാലത്തില്‍ ഇടിച്ച് വീണ് പരുക്കേറ്റിട്ടുണ്ട്. രാവിലെ അഞ്ച് മണിയോടു കൂടിയാണ് പരശുവയ്ക്കല്‍ റെയില്‍വേ പാലത്തില്‍ കൂടി കടന്ന് പോകുന്ന കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡിന്‍റെ മറുവശത്തേക്ക് വലിയ ശക്തിയില്‍ വെള്ളം പുറത്തേക്ക് ചീറ്റി. പുലർച്ചെ ഇത്തരത്തില്‍ ശക്തിയില്‍ പുറത്തേക്ക് വന്നുകൊണ്ടിരുന്ന വെള്ളത്തെ മറികടന്ന് മറുവശത്തേക്ക് കടക്കുവാന്‍ ശ്രമിച്ച വൃദ്ധ വെള്ളത്തിന്‍റെ ശക്തിയില്‍ തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ പാലത്തിന്‍റെ കൈവരിയില്‍ തട്ടി താഴേക്ക് പതിക്കാതെ പാലത്തിലേക്ക് തന്നെ വീണതിനാല്‍ വലിയ അപകടം ഒഴിവായി. പുറത്തേക്ക് ചീറ്റിയ വെള്ളത്തെ മറികടക്കുവാന്‍ ശ്രമിച്ച നാലോളം ബൈക്ക് യാത്രക്കാരും തെറിച്ച് വീണ് നിസാര പരിക്കോടെ രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെ അധികൃതരെത്തി ജലവിതരണം നിർത്തി വെച്ചു.