കൊച്ചി: എറണാകുളം ഏലൂരിൽ വീശിയടിച്ച ചുഴലിക്കാറ്റിന് പിന്നിൽ 'ജലചുഴലി' (വാട്ടർസ്‌പൗട്ട്) എന്ന പ്രതിഭാസമെന്ന് വിദഗ്ധർ. അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന കാറ്റ് കനത്ത നാശനഷ്ടമാണ് ഏലൂർ മേഖലയിൽ വിതച്ചത്.

ഇന്നലെയാണ് ഏലൂർ നഗരസഭാ പരിധിയിലെ 12,17,19 വാർഡുകളിൽ ശക്തമായ കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിട്ട് നീണ്ടുനിന്ന 'ജലചുഴലി'യിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകളും വാഹനങ്ങളും തകർന്നിരുന്നു. ശക്തമായ കാറ്റിൽ 53 വീടുകൾ തകർന്നു. ഫാക്ടിന്‍റെ ക്വാർട്ടേഴ്സുകൾക്കും കേടുപാടുകളുണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നു. 'ജലചുഴലി'യെന്ന പ്രതിഭാസമാണ് പെട്ടന്നുള്ള ഇത്തരം ചുഴലിക്കാറ്റുകൾക്ക് പിന്നിലെന്നാണ് കുസാറ്റിലെ വിദഗ്ധർ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം ചൂടായി കിടക്കുന്ന ഭൂമിയിലേയ്ക്ക് മഴ പെയ്യുമ്പോഴാണ് 'ജലചുഴലി' എന്ന പ്രതിഭാസം ഉണ്ടാകുന്നത്. 

സമീപത്തുള്ള ജലാശയങ്ങളിൽ രൂപം കൊണ്ട് കരയിലേയ്ക്ക് നീങ്ങി വീശിയടിക്കുന്നതാണ് 'ജലചുഴലി'യുടെ സ്വഭാവം. വേനൽ മഴയുടെ സമയത്താണ് ഈ പ്രതിഭാസം സാധാരണ കാണപ്പെടുന്നത്. എന്നാൽ ഇപ്പോൾ മൺസൂൺ ശക്തമല്ലാത്തതാണ് 'ജലചുഴലി'ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ വീശിയടിച്ച കാറ്റിന് പിന്നിലും ജല ചുഴലിയാണെന്നാണ് വിദഗ്ധ അഭിപ്രായം.