കല്‍പ്പറ്റ: ജില്ലാ ആരോഗ്യവകുപ്പിന്റെ നിതാന്ത ജാഗ്രതക്കിടയിലും കുരങ്ങുപനി ആശങ്ക മാറാതെ വയനാട്. കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന ഏഴ് വയസുകാരന് രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ള ബാലന്‍  ബേഗൂര്‍ ചങ്ങലഗേറ്റ് കോളനി സ്വദേശിയാണ്. 

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരിടവേളക്ക് ശേഷം ആദ്യമാണ് രോഗം സ്ഥിരീകരിക്കുന്നത്. മെയ് 19 നാണ് കുട്ടിയെ പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രി സാറ്റലൈറ്റ് കേന്ദ്രത്തിലെത്തിച്ചത്. തുടര്‍ന്ന് 20 ന് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഈ വര്‍ഷം ഇതുവരെ 28 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്നുപേര്‍ രോഗം ബാധിച്ചും ഒരാള്‍ രോഗലക്ഷണങ്ങളോടെയും മരിച്ചു. ഇതുവരെ എട്ടുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. തിരുനെല്ലി പഞ്ചായത്തിലാണ് കൂടുതല്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. പുറമേനിന്ന് പഞ്ചായത്തില്‍ എത്തിയവര്‍ക്കും രോഗം ബാധിച്ച സാഹചര്യവും ഉണ്ടായി. 

നാലു മരണങ്ങളും തിരുനെല്ലി പഞ്ചായത്തില്‍ നിന്നാണ്. പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കുരങ്ങുപനി ബാധിച്ചത്.

വനത്തിലും പുഴയിലും പോയവരാണ് ഈ വര്‍ഷം രോഗം ബാധിച്ചവരില്‍ ഏറെയും. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  ഇതുവരെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 12,485 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി.