സ്ഥിരമായി മേയാന്‍ വിടുന്ന സ്ഥലത്തേക്ക് ഞായറാഴ്ച ഉച്ചയോടെ പശുവിനെ അഴിക്കാന്‍ ചെന്ന താന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് സനീഷ്.

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട പശുവിനെ കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണെന്ന് അമ്പലവയല്‍ പൊലീസ് പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുളള വയലില്‍ മേയാന്‍ വിട്ട പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സനീഷ് പറഞ്ഞു. കയ്യും കാലും വായും കയറു കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ജഡം. സ്ഥിരമായി മേയാന്‍ വിടുന്ന സ്ഥലത്തേക്ക് ഞായറാഴ്ച ഉച്ചയോടെ പശുവിനെ അഴിക്കാന്‍ ചെന്ന താന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് സനീഷ് പറഞ്ഞു. താന്‍ കെട്ടിയിരുന്ന സ്ഥലത്ത് പശുവിനെ കാണാനില്ല. തിരഞ്ഞപ്പോള്‍ 50 മീറ്റര്‍ മാറി പശു ചത്തു കിടക്കുന്നതാണ് കണ്ടത്. പശുവിനെ അജ്ഞാതര്‍ അരുംകൊല ചെയ്തതോടെ വരുമാനം മുട്ടിയിരിക്കുകയാണെന്ന് സനീഷ് പറഞ്ഞു. ദിവസം 24 ലിറ്റര്‍ പാല്‍ നല്‍കിക്കൊണ്ടിരുന്ന പശുവിനെയാണ് അജ്ഞാതര്‍ അരുംകൊല ചെയ്തത്. കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇല്ലാതായതെന്നും സനീഷ് പറഞ്ഞു. 

വെറ്ററിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ പശു ചാവാനുണ്ടായ കാരണം വ്യക്തമാകൂ. ജീവനോപാധിയായ പശുവിനെ നഷ്ടമായ സനീഷിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി വേണമെന്ന് സ്വതന്ത്ര ക്ഷീര കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഹീനമായ പ്രവൃത്തി നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ക്ഷീര കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. 

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ എൽപി സ്കൂളിൽ പൂജ; സംഭവം കോഴിക്കോട്

YouTube video player