Asianet News MalayalamAsianet News Malayalam

'3 മാസമായി വേതനമില്ല, എന്ത് വാങ്ങി വയ്ക്കും?' വറുതിയുടെ ആശങ്കയില്‍ വയനാട്ടില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍

ഡിസംബർ മുതൽ ഇതുവരെ തങ്ങൾക്ക് വേതനം നല്‍കിയിട്ടില്ല. കടുത്ത വറുതിയുടെ നാളുകളാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന്  എൽസ്റ്റൺ എസ്റ്റേറ്റ്  തൊഴിലാളികൾ

wayanad elston estate workers complaint on delay in salary on as state announce lock down
Author
Kalpetta, First Published Mar 23, 2020, 10:47 PM IST

കൽപ്പറ്റ: കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി നാളെ മുതൽ സംസ്ഥാനം സമ്പൂർണ ലോക് ഡൗണിലേക്ക് നീങ്ങുമ്പോൾ പട്ടിണിയുടെ നാളുകൾ എണ്ണിയിരിക്കാനെ വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് സാധിക്കൂ. ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത വറുതിയുടെ നാളുകളാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

സംസ്ഥാനത്തെ നടപടികൾ മുഖ്യമന്ത്രി വിവരിച്ചതിന് പിന്നാലെ എസ്റ്റേറ്റിൽ ജോലിയില്ലെന്ന് മാനേജ്മെന്‍റ്  അറിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ തങ്ങൾക്ക് വേതനം ലഭിക്കാത്ത കാര്യം മാനേജ്മെന്‍റ് പരിഗണിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. സംസ്ഥാനം ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളെല്ലാം ആവശ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നുണ്ട്. എന്നാൽ മൂന്നുമാസമായി വേതനം ലഭിക്കാത്തവർ എന്തുവാങ്ങി സൂക്ഷിക്കാനാണ്. ശമ്പളം മുടക്കുന്ന മാനേജ്മെന്റ് ഇതും ഒരു അവസരമാക്കുകയാണെന്നാണ് തൊഴിലാളികൾ പരാതിപ്പെടുന്നത്. 

ശമ്പളമില്ലാത്ത മാസങ്ങളിൽ സാധനങ്ങൾ വാങ്ങിയ കണക്കിൽ  പണം ഒരു പാട് കൊടുക്കാനുള്ളത് കാരണം ഇനിയും സാധനങ്ങൾ നൽകാൻ കടക്കാർക്കും പരിധിയുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ അടിയന്തര സാഹചര്യത്തിൽ ചെയ്ത ജോലിയുടെ വേതനമെങ്കിലും വാങ്ങി നൽകാൻ അധികൃതർ ഇടപെടണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കൽപ്പറ്റ പുൽപ്പാറ, പെരുന്തട്ട ഒന്ന്, രണ്ട്, ഡി വിഷനുകളിലായി മൂന്നൂറോളം തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ബോണസും നൽകാറില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios