Asianet News MalayalamAsianet News Malayalam

മാന്‍വേട്ട നടത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍

പിടികൂടിയ മാനിനെ ഇറച്ചിയാക്കി വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. അഞ്ച് പ്രതികളെയും രാത്രി ഒമ്പത് മണിയോടെ കോടതിയില്‍  ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

wayanad five poachers arrested by forest department
Author
Kalpetta, First Published Jul 2, 2021, 12:40 AM IST

കല്‍പ്പറ്റ: ആഴ്ചയുടെ ഇടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും വന്യമൃഗവേട്ട നടത്തിയവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അക്കൊല്ലികുന്ന് വനഭാഗത്ത് പുള്ളിമാനിനെ കെണിവെച്ച് പിടികൂടിയെന്ന കേസിലാണ് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 

അപ്പപ്പാറ ആത്താറ്റുകുന്ന് കോളനിയിലെ സുരേഷ് (32), മണിക്കുട്ടന്‍ (18), സുനില്‍, അജിത്ത്, അപ്പപ്പാറ പാഴ്‌സി കോളനിയിലെ റിനീഷ് എന്നിവരാണ് പിടിയിലായത്. മൂന്ന് പേര്‍ വനപാലക സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും ഉന്ന് ഉച്ചയോടെ കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

പിടികൂടിയ മാനിനെ ഇറച്ചിയാക്കി വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. അഞ്ച് പ്രതികളെയും രാത്രി ഒമ്പത് മണിയോടെ കോടതിയില്‍  ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ശ്രീജിത്ത്, കെ.കെ.സുരേന്ദ്രന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിനു ജെയിംസ്, സി.കെ. സിറാജ്, വി. രമ്യശ്രീ  വി.ടി. അഭിജിത്ത് വി.വി. ഹരികൃഷ്ണന്‍, വാച്ചര്‍മാരായ പി. വിജയന്‍, കെ.എം കുര്യന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

കൊവിഡ് ലോക്ഡൗണിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ നിരവധി പേരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 24ന് കേണിച്ചിറ അതിരാറ്റ്കുന്നില്‍ മാന്‍വേട്ട നടത്തിയ അഞ്ച് പേര്‍ പിടിയിലായിരുന്നു. ഇവിടെയും ഇറച്ചി വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികള്‍ വലയിലായത്.
 

Follow Us:
Download App:
  • android
  • ios