കാട്ടില്‍ ഒരു കിലോ മീറ്ററുള്ളില്‍ വച്ചാണ് കാളന്‍ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായത്.
സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായ തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളന്റെ (47) ജീവന്‍ രക്ഷിക്കാനായത് പ്രദേശത്തെ എസ്ടി പ്രമോട്ടര്‍മാരായ ഷീനയുടെയും കനകന്റെയും ഇടപെടലില്‍. കാട്ടില്‍ ഒരു കിലോ മീറ്ററുള്ളില്‍ വച്ചാണ് കാളന്‍ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായത്.
സംഭവം ഇങ്ങനെ: കാളന് കാട്ടിനുള്ളില്‍ വച്ച് അപകടം പറ്റിയെന്ന വിവരം മകന്‍ അപ്പുവാണ് കോളനിയിലെത്തിയ എസ്ടി പ്രമോട്ടര്‍മാരെ അറിയിക്കുന്നത്. രണ്ടേമുക്കാലിനായിരുന്നു വിവരം അറിയിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് അപ്പുവും മറ്റൊരു സ്ഥലത്തായിരുന്നു. വിവരം അറിഞ്ഞയുടന്‍ കനകനും ഷീനയും നായ്ക്കട്ടിയിലെത്തി വാഹനവും ഏര്‍പ്പാടാക്കി അപകടം പറ്റിയെന്ന് പറഞ്ഞ തോട്ടമൂല ഭാഗത്തേക്ക് തിരിച്ചു. കാടായതിനാല്‍ കുറച്ചു ദൂരം പിന്നിട്ടതിന് ശേഷം കനകന്‍ മാത്രമാണ് സംഭവസ്ഥലത്തേക്ക് പോയത്. കനകന്‍ കാട്ടിനുള്ളിലെ സംഘത്തെ കാണുമ്പോള്‍ കാളന്‍ അവശനിലയില്‍ കിടക്കുകയായിരുന്നു. ഉടന്‍ കനകനും ബന്ധുവും ചേര്‍ന്ന് കാളനെ താങ്ങിയെടുത്ത് കാട്ടിന് വെളിയിലേക്ക് നടന്നു. ഇതിനകം തന്നെ ഷീന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് ഏര്‍പ്പാടാക്കിയിരുന്നു. ഒരു കിലോമീറ്റര്‍ ദൂരം കാളനെയും ചുമന്ന് നടക്കേണ്ടി വന്നതിനാലും മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ കാടിറങ്ങുന്ന സംഘവുമായി ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ കുറച്ചു സമയം പാഴായെങ്കിലും നാലുമണിയോടെ തന്നെ കാളനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വയറിന് ഇടതുഭാഗത്തും മുഖത്തും പരുക്കേറ്റ കാളനെ അഞ്ചുമണിയോടെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യയും ബന്ധുവായ കോളനിയിലെ മറ്റൊരാളുമൊന്നിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു കാളന്‍. വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാളനെ ആക്രമിക്കുന്നത് കണ്ട് തങ്ങള്‍ ബഹളം വച്ചതോടെയാണ് പോത്ത് പിന്‍മാറിയതെന്നും ബന്ധു പറഞ്ഞു.

