ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

കൽപ്പറ്റ : കര്‍ണ്ണാടകയിലെ ഇഞ്ചിപ്പാടത്ത് മുട്ടില്‍ സ്വദേശിയായ വയോധികനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. കാര്യമ്പാടി സ്വദേശി മനോജിന്റെ എച്ച് ഡി കോട്ടയിലുള്ള കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു ബാലന്‍. ഇന്ന് രാവിലെ ഏഴരയോടെ എച്ച് ഡി കോട്ട എടയാളയില്‍ വെച്ചാണ് സംഭവം. 

ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബാലനെ കൊലപ്പെടുത്തിയ ശേഷവും വയലില്‍ തന്ന നിലയുറപ്പിച്ച ആനയെ കൂടുതല്‍ ആളുകളെത്തിയാണ് പ്രദേശത്ത് നിന്ന് തുരത്തിയത്. 

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും മലയാളികളടക്കമുള്ള തൊഴിലാളികളും പ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read More : പടയപ്പേ... എന്തിനീ ക്രൂരത? പെട്ടിക്കട തകര്‍ത്തത് രണ്ടാം വട്ടം, ബ്രഡും മിഠായിയും അകത്താക്കി കാട്ടാന

വയനാടിന് പുറമെ ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം തുടർച്ചയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളില്‍ കാട്ടാനകള്‍ ഭീതി പടര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം നേരിടേണ്ടി വന്നത് നയമക്കാടിലെ എസ്റ്റേറ്റിലെ ദമ്പതികള്‍ക്കാണ്. കാട്ടാനയുടെ മുമ്പില്‍പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയായിരുന്നു നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. നയമക്കാട് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭര്‍ത്താവ് സോളമന്‍ രാജാ എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. 

പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തി കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചതോടെ, മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ദമ്പതികള്‍ അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു.