ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും അബൂബക്കർ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു.

കല്‍പ്പറ്റ: വയനാട്ടിൽ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. മാണ്ടാട്, മുട്ടില്‍, തടത്തില്‍ അബൂബക്കറി(60)നെയാണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വെച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വെച്ച് കൈ കൊണ്ട് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്.

ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും അബൂബക്കർ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് മലപ്പുറം, ചന്തപറമ്പില്‍ എന്ന സ്ഥലത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. പ്രതി മലപ്പുറത്തുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ സാജിദ്, സാഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More : 11 വയസുള്ള മകനെ നിലത്തിട്ട് തല്ലി, നെഞ്ചിൽ കയറിയിരുന്നു മർദ്ദനം; വീഡിയോ പുറത്തായതോടെ അമ്മക്കെതിരെ കേസ്