Asianet News MalayalamAsianet News Malayalam

മഴയില്ല: നെല്‍കൃഷിയിറക്കാനാകാതെ വയനാട്ടിലെ കര്‍ഷകര്‍

ഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ തീര്‍ത്തും കുറവായതാണ് കാരണം. മഴ ഇല്ലാതായതോടെ സ്ഥിരം നെല്‍കൃഷിയിറക്കിയിരുന്ന പലരും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. 

wayanad shortage of rain paddy farmers in crisis
Author
Kalpetta, First Published Jul 2, 2021, 12:30 AM IST

കല്‍പ്പറ്റ: ദിനംപ്രതിയെന്നോണം കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ് വയനാട്ടില്‍ നിന്നുള്ള വാര്‍ത്തകളിലേറെയുമുള്ളത്. മിഥുനമാസം പകുതിയോടെ നടീല്‍ ജോലികള്‍ പൂര്‍ത്തിയാക്കേണ്ട വയനാടന്‍ വയലുകള്‍ വരണ്ടുണങ്ങി കിടക്കുകയാണിപ്പോഴും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ തീര്‍ത്തും കുറവായതാണ് കാരണം. മഴ ഇല്ലാതായതോടെ സ്ഥിരം നെല്‍കൃഷിയിറക്കിയിരുന്ന പലരും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. ചിലരാകട്ടെ കിണറും കുളങ്ങളും ഉപയോഗപ്പെടുത്തി പാടത്തേക്ക് വെള്ളം പമ്പ് ചെയ്താണ് കൃഷി ഒരുക്കുന്നത്. 

സുല്‍ത്താന്‍ബത്തേരിക്കടുത്ത കല്ലൂര്‍ മറുകര പാടശേഖരത്തില്‍ നടീല്‍ജോലികള്‍ക്കും മറ്റുമായി വയലോരത്തുള്ള കുളത്തില്‍ നിന്ന് വെള്ളമടിക്കുകയാണ് കര്‍ഷകര്‍. പാരമ്പര്യ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ വയനാട്ടിലുണ്ട്. പുല്‍പ്പള്ളിയിലെ വനഗ്രാമമായ ചേകാടിയിലും അമ്പലവയലിലെ മാത്തൂര്‍കുളങ്ങര പാടശേഖരത്തിലും പാരമ്പര്യ നെല്ലിനങ്ങളുടെ കൃഷി സമൃദ്ധമാണ്. എന്നാല്‍ രണ്ട് വര്‍ഷമായി മഴകുറഞ്ഞതിനാല്‍ പല കര്‍ഷകരും ഇത്തരം വിത്തുകള്‍ ഇറക്കിയിട്ടില്ല. കൃത്യമായ അളവില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ പാരമ്പര്യ നെല്‍വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ പ്രയാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

ഓരോ വര്‍ഷവും മഴയുടെ അളവ് കുറയുന്നുവെന്ന് മാത്രമല്ല ഉള്ള മഴ തന്നെ സമയം തെറ്റി പെയ്യുകയാണിപ്പോള്‍. 2018, 19 വര്‍ഷങ്ങളിലെ പ്രളയത്തില്‍ മണല്‍ നിറഞ്ഞ് പാടങ്ങളുടെ സ്വാഭാവികത നഷ്ടമായിരുന്നു. പലരും മണല്‍ നീക്കം ചെയ്ത് ഈ വര്‍ഷമാണ് ശരിയായ വിധത്തില്‍ വയലുകള്‍ കൃഷിക്ക് പാകമാക്കുന്നത്. ഇതിനിടെയാണ് മഴ തീരെ കുറഞ്ഞു പോയിരിക്കുന്നത്. 

വയലുകള്‍ വീണ്ടുകീറി തുടങ്ങിയതിനാല്‍ നല്ല ഒരളവില്‍ വെള്ളം വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേ സമയം വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് ജില്ലകളായ നീലഗിരിയിലും കോയമ്പത്തൂരുമൊക്കെ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കിടെ കനത്ത മഴ പെയ്യാറുണ്ടെങ്കിലും സ്ഥിരമായി മഴ ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകരുടെ പ്രശ്‌നം.

Follow Us:
Download App:
  • android
  • ios