'ബാഗിൽ മനുഷ്യ ശരീരമാണെന്ന് പറഞ്ഞതോടെ ഭയന്നുപോയി'; നടുക്കുന്ന അനുഭവം വിവരിച്ച് അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ
വയനാട് വെള്ളമുണ്ടയിലെ കൊലപാതകം തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ. നടുക്കുന്ന അനുഭവം ഓട്ടോ ഡ്രൈവറായ അസം സ്വദേശിയും വാഹനത്തിന്‍റെ ഉടമയും ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയിലെ കൊലപാതകം തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ. നടുക്കുന്ന അനുഭവം വാഹന ഉടമയും ഓട്ടോ ഡ്രൈവറായ അസം സ്വദേശിയും ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു. ബാഗിൽ പുറത്തേയ്ക്ക് എറിഞ്ഞത് എന്തെന്ന് ചോദിച്ചപ്പോൾ ഒരാളെ കൊന്ന് എറിഞ്ഞത് ആണെന്ന് പ്രതി മുഹമ്മദ് ആരിഫ് മറുപടി നൽകിയതെന്ന് അസം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സൊഹാബുദ്ദീൻ പറഞ്ഞു.
സൊഹാബുദ്ദീന്‍റെ ഇടപെടൽ കൊണ്ടാണ് പ്രതിയെ ഉടനെ തന്നെ പിടികൂടാനായത്. ബാഗ് പുറത്തേക്ക് എറിയുന്നത് കണ്ട സൊഹാബുദ്ദീന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് എറിഞ്ഞയാളോട് എന്താണ് എറിഞ്ഞതെന്ന് ചോദിച്ചത്. വെള്ളമുണ്ട സ്വദേശിയായ ഓട്ടോയുടെ ഉടമയായ റഷീദിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്.
സൊഹാബുദ്ദീൻ ഫോണിലൂടെ പറഞ്ഞ കാര്യം റഷീദ് പൊലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം ഒളിപ്പിച്ച ബാഗ് എറിയുന്നത് കണ്ടുവെന്നും പ്രതി കൊലപാതകത്തെ കുറിച്ചും പറഞ്ഞുവെന്നും സൊഹാബുദ്ദീൻ പറഞ്ഞു. ബാഗിൽ മനുഷ്യ ശരീരമാണെന്ന് പറഞ്ഞതോടെ തനിക്ക് പേടിയായെന്നും സൊഹാബുദ്ദീൻ പറഞ്ഞു. നടന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും സൊഹാബുദ്ദീൻ.
കൊലക്ക് ശേഷം പ്രതി മുറി കഴുകിയും പുകയിട്ടും ചോരയുടെ ഗന്ധം മാറ്റിയെന്ന് വെള്ളമുണ്ട സ്വദേശി റഷീദ് പറഞ്ഞു. ഓട്ടോ ഓടി പോയി വരുമ്പോള്‍ ഇങ്ങനെ ഒരാള്‍ പറഞ്ഞെന്ന വിവരം സൊഹാബുദ്ദീൻ തന്നെ ഫോണിൽ വിളിച്ച് പറയുകയായിരുന്നുവെന്നും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും റഷീദ് പറഞ്ഞു. ബാഗിൽ മൃതദേഹമാണെന്ന് ഒരാള്‍ പറഞ്ഞെന്ന് മാത്രമാണ് സൊഹാബൂദ്ദീൻ പറഞ്ഞത്.
അതിൽ വാസ്തം ഉണ്ടോയെന്ന കാര്യത്തിൽ ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും റഷീദ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുഹമ്മദ് ആരിഫ് പിടിയിലാകുന്നത്. നാളെ യുപിയിലേക്ക് പോകാനിരിക്കെയാണ് മുഹമ്മദ് ആരിഫ് ക്രൂര കൊലപാതകം നടത്തിയത്. പ്രതി രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പിടികൂടാൻ സഹായകമായത് ഓട്ടോ ഡ്രൈവറുടെയും റഷീദിന്‍റെയും ഇടപെടലാണ്.
അതേസമയം, വെള്ളമുണ്ടയിലെ ക്രൂര കൊലപാതകത്തിൽ പ്രതികളായ മുഹമ്മദ് ആരിഫിനെയും സൈനബയെയും കൂടുതൽ ചോദ്യം ചെയ്യും. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിൽ തെളിവെടുപ്പും തുടരും.
യുപി സ്വദേശിയായ മുഖീബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ചാണ് മുഹമ്മദ് ആരീഫ് മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്.
യുവാവിനെ കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ച സംഭവത്തിൽ വയനാട്ടിൽ യു പി സ്വദേശിയുടെ ഭാര്യയും അറസ്റ്റിൽ