നാല് ദിവസം മുമ്പാണ് ബിനീഷ് വയനാട്ടില്‍ നിന്ന് കുടകിലെ ബിരുണാണിയില്‍ പണിക്ക് പോയത്

കല്‍പ്പറ്റ: കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകന്‍ പുത്തന്‍വീട്ടില്‍ ബിനീഷ് (33) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ബിനീഷ് വയനാട്ടില്‍ നിന്ന് കുടകിലെ ബിരുണാണിയില്‍ പണിക്ക് പോയത്. എന്നാല്‍ ഇന്നലെ വൈകിട്ട് തൊഴിലിടത്തിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് ബിനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.

അമിത വേഗതയിൽ ബസ് ഓവർടേക്ക് ചെയ്യവെ അപകടം, അമ്മക്കൊപ്പം സ്കൂട്ടിയിൽ പോയ മകന് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ

ബിനീഷ് തൊഴിലിടത്തിനടുത്തുള്ള താമസ സ്ഥലത്ത് നിന്ന് രാവിലെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തുപോകുകയാണെന്ന് കൂടെയുള്ളവരോട് പറഞ്ഞാണ് പോയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ കൂട്ടുകാര്‍ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ജോലിക്ക് പോകാന്‍ പറഞ്ഞ തൊഴിലുടമ ബിനീഷിനെ ടൗണിലടക്കം അന്വേക്ഷിച്ചിരുന്നതായി പറയുന്നു. പിന്നീട് സന്ധ്യയോടെ ബിനീഷും കൂട്ടുകാരും താമസിക്കുന്ന ഇടത്തിന് തൊട്ടുമാറിയുള്ള പറമ്പില്‍ ജോലിക്കെത്തിയവര്‍ യുവാവ് തോട്ടില്‍ വീണുകിടക്കുന്നുണ്ടെന്ന വിവരം കൂട്ടുകാരെ അറിയിക്കുകയായിരുന്നു.

കൂട്ടുകാര്‍ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം കൊണ്ടുവരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശ്രീമംഗലം പൊലീസ് ഗോണികുപ്പയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബിനീഷിന്റെ സഹോദരന്‍ പറഞ്ഞു. തങ്ങള്‍ ശ്രീമംഗലം സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി തോന്നിയെന്നും ഇദ്ദേഹം ആരോപിച്ചു. ബിനീഷിന്റെ മരണത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മൃതദേഹത്തില്‍ മുഖത്തടക്കം പരിക്കേറ്റ പാടുകളുണ്ട്. മനോജ്, ചന്ദ്രന്‍, നീതു, നിഷ എന്നിവരാണ് ബിനീഷിന്റെ സഹോദരങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം