കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്

തിരുവനന്തപുരം: വർക്കലയിൽ അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്.

മഴ കഴിഞ്ഞെന്ന് കരുതിയോ? വീണ്ടും ന്യൂനമർദ്ദവും ചക്രവാതചുഴിയും, എത്തുന്നത് ശക്തമായ മഴ; 5 ദിവസത്തെ അറിയിപ്പിങ്ങനെ

മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ്സ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ബസ്സിനടിയിൽ വീണ പത്തുവയസ്സുകാരനായ ഫർഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡ്രൈവർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് പൊലീസ് കേസ്സെടുത്തിട്ടുള്ളത്.ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്‍ററില്‍ സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു എന്നതാണ്. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററില്‍ യു ടേണ്‍ തിരിയുന്നതിനായി സ്ലോ ട്രാക്കില്‍നിന്നും സ്പീഡ് ട്രാക്കിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന സീജോയുടെ ബൈക്കില്‍ സ്പീഡ് ട്രാക്കിലൂടെ വരികയായിരുന്ന സ്‌കോര്‍പിയോ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സീജോ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് സീജോയുടെ ദേഹത്തേക്ക് മറിയുകയും ചെയ്തു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സീജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്‍സര്‍ വാട്ടര്‍ ടാങ്ക് സെയില്‍സ് എക്‌സിക്യൂട്ടീവാണ് അപകടത്തില്‍ മരിച്ച സീജോ. കാര്‍ ഓടിച്ചിരുന്ന നേവി ഓഫീസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

യുടേൺ എടുക്കുന്നതിനിടെ ബൈക്കിനെ സ്കോർപ്പിയോ ഇടിച്ച് തെറിപ്പിച്ചു; മണ്ണുത്തി ദേശീയപാതയിൽ യുവാവിന് ദാരുണാന്ത്യം