ഇടുക്കി: ചിന്നക്കനാലിലെ കൈയ്യേറ്റ ഭൂമികളുടെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറി തലസ്ഥാനത്തേക്ക് തിരിച്ചു. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്‍റെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തെില്‍ കൈയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഡോ വി വേണു. എന്നാല്‍ അനുകൂല കാലാവസ്ഥയല്ലെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹം ശനിയാഴ്ച രാവിലെയോടെ തലസ്ഥാനത്തേക്ക് മടങ്ങി. 

ചിന്നക്കനാലിലെ കൈയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും കാലവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. വട്ടവട നീലക്കുറുഞ്ഞി ദേശീയോദ്യാനം സംബന്ധിച്ചുള്ള തര്‍ക്കഭൂമികള്‍ നേരില്‍ കാണുന്നതിനും ചിന്നക്കനാലിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ മനസിലാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹം മൂന്നാറിലെത്തിയത്. 

വെള്ളിയാഴ്ച വട്ടവട സന്ദര്‍ശിക്കുകയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, സബ് കളക്ടര്‍ രേണു രാജ് , തഹസില്‍ദാര്‍ പി കെ ഷാജി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിന്നക്കനാലിലെ കൈയേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് റവന്യു പ്രിന്‍പ്പിള്‍ സെക്രട്ടറി തലസ്ഥാനത്തേക്ക്  മടങ്ങിയത്.