വിവാഹ സംഘം കാറിന്‍റെ നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായി യാത്ര ചെയ്തു. നാല് പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. 

കോഴിക്കോട്: വിവാഹ സംഘം കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച് അപകടകരമാം വിധം യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൃത്യത്തില്‍ ഉള്‍പ്പെട്ട നാല് പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകര ആര്‍ടിഒയുടേതാണ് നടപടി. ആറ് മാസത്തേക്കാണ് നാല് യുവാക്കളുടെയും ലൈസന്‍സ് സസ്‌പെൻഡ് ചെയ്തത്. 5000 രൂപ വീതം പിഴ ഒടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാദാപുരം സ്വദേശികളായ ഹാഷിം, നൗഷിക്, മുസമ്മദ് റഫ്താസ്, നിജാസ് എന്നിവരാണ് കഴിഞ്ഞ ആഴ്ച നടന്ന ഒരു വിവാഹ ചടങ്ങിനിടെ അപകടകരമാം വിധം കാറുകള്‍ ഓടിച്ചത്. അരൂര്‍ എളയിടത്തെ വരന്‍റെ വീട്ടില്‍ നിന്ന് കക്കംവെള്ളിയിലെ വധൂ ഗൃഹത്തിലെത്തിയ വരന്‍റെ സുഹൃത്തുക്കളായിരുന്നു നാല് പേരും. നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവര്‍ ഓടിച്ചിരുന്ന രണ്ട് ഫോര്‍ച്യൂണര്‍, ഒരു ബൊലേറോ, സ്വിഫ്റ്റ് കാറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.