നെൽച്ചെടികൾ കതിരണിയും മുമ്പേ വരിനെല്ലുകൾ പൂത്ത് കുലച്ചിരിക്കുകയാണ് പാടങ്ങളിൽ. ഒന്നുമുതല്‍ ആറു ബ്ലോക്കുകളിലായി രണ്ടായിരം ഏക്കറോളം പരുന്ന പാടത്ത് 72 ദിവസമായ നെല്‍ചെടികളുടെ ഇടയിലാണ് കവടയും വരിനെല്ലും പടര്‍ന്ന് പിടിച്ച് നെല്ലിന് മൊത്തമായി മറച്ചിരിക്കുന്നത്

മാന്നാര്‍: അപ്പര്‍ക്കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്ലിന് ഭീഷണിയായി വരിനെല്ലും കവടയും. വരിനെല്ലും കവടയുടെയും ശല്യം രൂക്ഷമായത് കര്‍ഷകര്‍ക്ക് ദുരിതം വിതച്ചിരിക്കുകയാണ്. അപ്പർ കുട്ടനാട്ടിലെ ചെന്നിത്തല, മാന്നാര്‍ ബ്ലോക്കു പാടശേഖരങ്ങളിലാണ് വരിനെല്ലും കവടയുടെയും ശല്യമേറിയത്. കാക്ക പോള, വരി, കുട പുല്ല്, പീലിക്കവട എന്നീ പേരുകളിലറിയപ്പെടുന്ന കവടകളും വരിനെല്ലുമാണ് പാടമാകെ വ്യാപിച്ചത്.

നെൽച്ചെടികൾ കതിരണിയും മുമ്പേ വരിനെല്ലുകൾ പൂത്ത് കുലച്ചിരിക്കുകയാണ് പാടങ്ങളിൽ. ഒന്നുമുതല്‍ ആറു ബ്ലോക്കുകളിലായി രണ്ടായിരം ഏക്കറോളം പരുന്ന പാടത്ത് 72 ദിവസമായ നെല്‍ചെടികളുടെ ഇടയിലാണ് കവടയും വരിനെല്ലും പടര്‍ന്ന് പിടിച്ച് നെല്ലിന് മൊത്തമായി മറച്ചിരിക്കുന്നത്. കര്‍ഷകർ പാടത്ത് വളവും കീടനാശിനിയും തളിച്ചെങ്കിലും ഫലമുണ്ടായില്ല. നെല്ലിനേക്കാൾ കൂടുതൽ വരികളാണ് ചില പാടങ്ങളിൽ കൂടുതലായുള്ളത്. ഈ വരി നെല്ലുകൾ നെല്ലിന് ഭീഷണിയാകുകയും വിളവ് കുറയാനും കാരണമാകുന്നുണ്ട്. 

അതിനാൽ ഇത് നശിപ്പിക്കാനായി തൊഴിലാളികളെ ഉപയോഗിച്ച് യന്ത്ര സഹായത്താല്‍ ഇവ നീക്കം ചെയ്യുന്നുണ്ട്. ഇതു മൂലം കൃഷി ചിലവ് വളരെ ഏറുവാൻ കാരണമാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്ക് കടംവാങ്ങിയും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. രണ്ടുവര്‍ഷമായി നെല്‍ കൃഷിയില്‍ വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മേഖലയിലെ കര്‍ഷകനായ ചില്ലിതുരുത്തിൽ രാജു പറയുന്നത്. 

അടിക്കടി ഉണ്ടാകുന്ന മട വീഴ്ച, ബണ്ടുകളുടെ ബലക്കുറവ്, വെള്ളപ്പൊക്കം എന്നിവ കൃഷിയെ നാശത്തിലാണ് എത്തിക്കുന്നത്. കൂടാതെ കൃഷി ഇറക്കാനുള്ള താമസം നെല്‍ കൃഷിയെ ഏറെ ബാധിക്കുന്നുമുണ്ട്. മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ കുട വെളളാരി എ, ബി, ഇടപുഞ്ചപടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളിലും വരി ശല്യം രൂക്ഷമാണ്. 

ഒരുവര്‍ഷം പാടമാകെ തരിശിട്ട് വെള്ളം കയറ്റി വരിനെല്ല് കിളിര്‍പ്പിച്ച ശേഷം കീടനാശിനി തളിച്ചാലാണ് വരിനെല്ല് പൂര്‍ണമായി നശിപ്പാക്കുവാന്‍ കഴിയുന്നതെന്നു കര്‍ഷകര്‍ പറയുന്നു. വരിനെല്ലുകളെ പൂർണ്ണമായും നശിപ്പിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും ഒന്നും ഇവിടെ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃഷി വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം