വേലിയിറക്ക സമയമായതിനാൽ തിമിംഗല സ്രാവ് തീരത്തെ മണലിൽ കുടുങ്ങി
തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകൾ വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ എട്ടു മണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗില സ്രാവുകൾ കുടുങ്ങിയത്. വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി.
വേലിയിറക്ക സമയമായതിനാൽ ഒരെണ്ണം തീരത്തെ മണലിൽ കുടുങ്ങിയത് മത്സ്യത്തൊഴിലാളികളെ വലച്ചു. ഏകദേശം രണ്ടായിരം കിലോയോളം വരുന്ന സ്രാവായതിനാൽ തള്ളിമാറ്റാനും ബുദ്ധിമുട്ടായി. വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ സ്രാവിനെ കടലിലേയ്ക്ക് നീക്കുകയായിരുന്നു.
സ്രാവ് ഇനത്തിൽപെട്ട ജീവിയാണെങ്കിലും നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പെടെയുള്ള തിമിംഗലങ്ങളുടെ ഭക്ഷണ രീതി തന്നെയാണ് ഇവയുടെതും. അതുകൊണ്ടാണ് തിമിംഗല സ്രാവെന്ന് അറിയപ്പെടുന്നത്.
