ആദ്യഘട്ടത്തില്‍ 57 ലക്ഷവും രണ്ടാംഘട്ടത്തില്‍ 42 ലക്ഷവും വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗപ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

തൃശൂര്‍: നിര്‍മാണം പൂര്‍ത്തീകരിച്ച അതിരപ്പിള്ളി-ചാര്‍പ്പ മഴവില്‍പ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്തറിയാന്‍ സഞ്ചാരികള്‍ക്കായി നിര്‍മിച്ച പാലമാണ് തുറന്നുകൊടുക്കാന്‍ വൈകുന്നത്. പാലം തുറന്ന് കൊടുക്കാന്‍ സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എയുടെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

2018 ലെ പ്രളയത്തില്‍ നിലവിലുണ്ടായിരുന്ന പാലം തകരാറിലായി. തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടം തൊട്ടടുത്ത് നിന്ന് സുരക്ഷിതമായി കാണാനാവുന്ന തരത്തിലാണ് മഴവില്‍പ്പാലം വിഭാവനം ചെയ്തത്. ബി.ഡി. ദേവസി എം.എല്‍.എ. ആയിരുന്ന കാലത്ത് പാലം നിര്‍മാണത്തിനായി തുക അനുവദിക്കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 57 ലക്ഷവും രണ്ടാംഘട്ടത്തില്‍ 42 ലക്ഷവും വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗപ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

50 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലും ആര്‍ച്ച് ആകൃതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് 2020 ജൂണ്‍ മാസത്തിലാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തികള്‍ കൃത്യമായി നടത്താത്തതിനെ തുടര്‍ന്ന് ആദ്യ കരാറകാരനെ ഒഴിവാക്കി. പുതിയ കരാറുകാരനാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

മണ്‍സൂണ്‍ കാലത്താണ് ചാര്‍പ്പ നിറഞ്ഞൊഴുകുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ റോഡിലേക്ക് വെള്ളം പതിക്കുന്ന ഈ കാഴ്ച കാണാന്‍ നിരവധി സഞ്ചാരികളാണ് മഴക്കാലത്ത് ഇവിടെയെത്തുന്നത്. മണ്‍സൂണ്‍ തീരുംമുമ്പേ പാലം തുറന്ന് കൊടുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.