Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പൂജ

west bengal governor C V Ananda Bose conduct special prayers for PM Modi in Chakkulathukavu etj
Author
First Published Sep 17, 2023, 10:01 AM IST

ചക്കുളത്തുകാവ്: പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രത്യേക പൂജ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പൂജ. മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവ‍ര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.

ഗവര്‍ണറായി നിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് നിയമനത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഈ വര്‍ഷം തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ് സമ്മാനിച്ചിരുന്നു. ഗവര്‍ണര്‍ നിയമനത്തിന് പിന്നാലെ ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ച സമയത്ത് ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് കല്‍പിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നടപടി ചര്‍ച്ചയായിരുന്നു.

നിർധന കുടുംബത്തിൽ ജനിച്ച് ആർഎസ്എസിൻറെ സാധാരണ പ്രചാരകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ച് പടിപടിയായി വളർന്ന പ്രധാനമന്ത്രിയുടെ 73 ആം പിറന്നാളിന് പ്രത്യേകതകളേറെയാണ്. പ്രസ്ഥാനവും പരിവാറുമെല്ലാം വരുതിയിലാക്കിയ കരുത്തും ശൈലിയും രാഷ്ട്രീയമായി എതിർക്കുന്നവരും മോദിയെ അമ്പരപ്പോടെയാണ് നോക്കുന്നത്. പ്രതിപക്ഷം കരുത്താർജ്ജിക്കാനൊരുങ്ങുമ്പോൾ, തെരഞ്ഞെടുപ്പടുത്തുനിൽക്കെ പാർട്ടിയുടെ ഏറ്റവും വലിയ ബ്രാൻഡിനെ ആഘോഷമാക്കുകയാണ് ബിജെപി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios