കിഡ്നാപ്പിംഗ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ മനിറുൽ ഇസ്ലാം.

തിരുവനന്തപുരം: പശ്ചിമബംഗാളിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും കഞ്ചാവും കേരളത്തിലേക്ക് കടത്തവേ ബംഗാൾ സ്വദേശി പിടിയിൽ. മനിറുൽ ഇസ്ലാം എന്ന 34 വയസുകാരനാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 47.62 ഗ്രാം ബ്രൗൺ ഷുഗറും 25 ഗ്രാമിലധികം കഞ്ചാവും പിടിച്ചെടുത്തു. കിഡ്നാപ്പിംഗ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ മനിറുൽ ഇസ്ലാം.

കേരളത്തിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്നയാളാണ് മനിറുൽ ഇസ്ലാമെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)രമേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അനിൽകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

അതിനിടെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ച 30.75 ലിറ്റർ ചാരായവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. റെജി ലൂക്കോസ് (53) എന്നയാളാണ് പിടിയിലായത്. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷെഫീക്ക്. ടി.എച്ചും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.