കരമടി വലയിൽ കുടുങ്ങിയ 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവിനെ കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പൂന്തുറ: പൂന്തുറ കടപ്പുറത്ത് വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ മത്സ്യത്തൊഴിലാളികൾ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. ഇന്ന് രാവിലെ 9:30 മണിക്കാണ് സംഭവം. കരമടി വലയിൽ കുടുങ്ങിയ 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവിനെ കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ടീമിലെ അംഗങ്ങളായ ചരൺ കുമാർ, കുമാരി സ്വാതി കെ നമ്പ്യാർ, സേതു പാർവ്വതി, അജിത് ശംഖുമുഖം എന്നിവർ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. 3 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിമിംഗ സ്രാവിനെ വല മുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു.
ലോകത്തിലെ ഏറ്റവും വലിയ മീനും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റിന്‍റെ ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തിൽപ്പെടുന്ന തിമിംഗല സ്രാവിനെ സംരക്ഷിക്കുന്നതിനായി WTI യും ഒറാക്കിള്‍ ലിമിറ്റഡും ചേർന്ന് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ (KFD) സഹകരണത്തോടെ തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളത്തിൽ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ്സുകളും എപിപി ട്രെയ്നിങ്ങും സംഘടിപ്പിച്ചിരുന്നു.
തിമിംഗല സ്രാവുകൾ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ഡ് ഒന്നാലാണ് ഉൾപ്പെട്ടിട്ടുള്ളത്. തിമിംഗല സ്രാവുകളെയും മറ്റ് സംരക്ഷിത കടൽ ജീവികളെയും രക്ഷപെടുത്തേണ്ടത് വളരെ അനിവാര്യമാണെന്നും തിരുവന്തപുരം ഡിഎഫ്ഒ പ്രദീപ് കുമാർ ഐഎഫ്എസ് പറഞ്ഞു. ചരൺ കുമാർ രക്ഷാപ്രവർത്തനത്തിന് മുൻ കൈയ്യെടുത്ത മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുകയും അവരെ 'വെയിൽ ഷാർക്ക് ഹീറോസ് 'എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: വഴി തെറ്റി വലയിൽ കുടുങ്ങി 'വെള്ളുടുമ്പ്'; ഉൾക്കടലിലേക്ക് മടക്കി വിട്ട് മത്സ്യത്തൊഴിലാളികൾ
