മൂവാറ്റുപുഴ വാഴക്കുളം ടൗണിലെ 'നിയ മൊബൈൽസ്' എന്ന കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും മോഷ്ടിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്താണ് സംഭവം. തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ കടയിലെ സിസിടിവി ക്യാമറയും ഡിവിആറും കവർന്നു.
കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ മൊബൈൽ ഫോൺ കട കുത്തി തുറന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നു. സിസിടിവി കാമറ, ഡിവിആർ തുടങ്ങിയവ അടക്കം മോഷ്ടാക്കൾ കവർന്നു.വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ‘നിയ മൊബൈൽസ്’ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്.
പുലർച്ചെ രണ്ട് മണിയോടെ കടയുടെ ഷട്ടർ പൊളിച്ച് ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും ചാർജറുകളുമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി കാമറയും ഡിവിആറും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. രാവിലെ കട തുറക്കാൻ ഉടമ ആരക്കുഴ സ്വദേശി ഡെബിൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
വൈകാതെ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നതും പാർക്ക് ചെയ്യുന്നതും തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.


