മാന്നാറിൽ പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ ഹരിത കർമസേനാംഗത്തിന് ഒരു പവന്റെ സ്വർണ കൈചെയിൻ ലഭിച്ചു. ഈ സ്വർണം ഉടൻതന്നെ പഞ്ചായത്ത് അധികൃതരെ ഏൽപ്പിക്കുകയും ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.
മാന്നാർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ ലഭിച്ച ഒരു പവന്റെ സ്വർണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമസേനാ അംഗം മാതൃകയായി. ബുധനൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഹരിതകർമ സേനാംഗം ബിന്ദു രമണനാണ് പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടെ സ്വർണ കൈചെയിൻ ലഭിച്ചത്. തോപ്പിൽ ചന്തയ്ക്കു സമീപമുള്ള എം സി എഫിൽ വെച്ചായിരുന്നു സംഭവം. ചെയിൻ ലഭിച്ച ഉടൻ തന്നെ ബിന്ദു പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോൺസനെ ഏൽപ്പിച്ചു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ചാമക്കുറ്റിയിൽ പ്രസീദ അനിൽ കുമാറിന്റേതാണ് സ്വർണ ചെയിൻ എന്ന് കണ്ടെത്തി. ഉടമയെ പഞ്ചായത്തിൽ വിളിച്ചു വരുത്തി സെക്രട്ടറി സ്വർണ ചെയിൻ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ കുമാർ, സുജി സുന്ദരേശൻ, പ്രീത ആർ നായർ, കോർഡിനേറ്റർ ആര്യാ മുരളി, സജുദേവ്, റോമിയോ, ഹരിത കർമ സേനാംഗങ്ങളായ എസ് ആശ, സി രമ എന്നിവർ പങ്കെടുത്തു.
