ഫോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് നഗ്നചിത്രം, കണ്ടത് ഭാര്യ, പാലോട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 31 കാരൻ ഭാര്യയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 31 കാരൻ ഭാര്യയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റിൽ. പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈലിൽ കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയുമൊത്ത് എടുത്ത നഗ്ന ഫോട്ടോ പ്രതിയുടെ ഭാര്യ കാണുകയും തുടർന്ന് ഭാര്യ പാങ്ങോട് പഞ്ചായത്തിലെ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും ആയിരുന്നു.
വാർഡ് മെമ്പർ പാങ്ങോട് പൊലീസിൽ വിവരം അറിയിച്ചു തുടർന്ന് പൊലീസ് വീട്ടിൽ ചെന്ന് കുട്ടിയുടെ മൊഴി എടുത്തു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ഇടിഞ്ഞാറിൽ നിന്നും പിടികൂടി. പ്രതിയെ നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more: മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്: കേസെടുത്തത് മുൻഭാര്യയുടെ പരാതിയിൽ
അതേസമയം, തിരുവനന്തപുരത്ത് അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.
രജികുമാർ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട മുത്തശ്ശി ഒച്ച വെച്ചു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് വൈകിട്ടാണ് പ്രതി രജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം