വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മരണം, പരിക്ക്, വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍, കൃഷിനാശം തുടങ്ങിയവക്കുള്ള നഷ്ടപരിഹാരവിതരണമാണ് നീളുന്നത്.  

കല്‍പ്പറ്റ:വന്യമൃഗശല്യം മൂലമുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വയനാട്ടിലെ ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു. ഇത്തരത്തില്‍ വടക്കേ വയനാട്ടില്‍ മാത്രം നല്‍കാനുള്ളത് ഒന്നരക്കോടിയിലേറെ രൂപയാണ്. വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മരണം, പരിക്ക്, വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍, കൃഷിനാശം തുടങ്ങിയവക്കുള്ള നഷ്ടപരിഹാരവിതരണമാണ് നീളുന്നത്. 

ഒന്നരവര്‍ഷമായി ഒരാള്‍ക്കും നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത് വടക്കേ വയനാട്ടിലാണ്. ഇതില്‍ തന്നെ വടക്കേ വയനാട് വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന തിരുനെല്ലിയിലാണ് നാശങ്ങള്‍ ഏറെയും. 35 വര്‍ഷത്തിനിടയില്‍ വടക്കേവയനാട്ടില്‍ 84 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 80 പേരും തിരുനെല്ലി പഞ്ചായത്തിലുള്ളവരായിരുന്നു. 282 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

വടക്കേ വയനാട് വനം ഡിവിഷനില്‍ 2018 ജനുവരി വരെ മാത്രം പരിഗണയിലുള്ള 665 അപേക്ഷകളില്‍ 40,65,161 രൂപ നഷ്ടപരിഹാരം നല്‍കാനുണ്ട്. ഈ കാലയളവില്‍ തിരുനെല്ലി പഞ്ചായത്തുള്‍പ്പെടുന്ന ബേഗൂര്‍ റെയ്ഞ്ചില്‍ ലഭിച്ച 359 അപേക്ഷകളില്‍ 24,93,292 രൂപയും പേര്യ റെയ്ഞ്ചില്‍ 173 അപേക്ഷകളില്‍ 8,34,240 രൂപയും മാനന്തവാടി റെയ്ഞ്ചില്‍ 133 അപേക്ഷകളില്‍ 7,37,629 രൂപയും നല്‍കാനുണ്ട്. ഇതിന് പുറമെയാണ് ജനുവരിക്ക് ശേഷം ഓണ്‍ലൈനില്‍ ഉള്‍പ്പെടെ 500 ഓളം അപേക്ഷകള്‍ പരിഗണനക്കായി വന്നിട്ടുള്ളത്. ഇതും കൂടി ചേരുമ്പോഴാണ് നഷ്ടപരിഹാരത്തുക ഒന്നരക്കോടിക്ക് മുകളില്‍ വരുന്നത്. 

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടാല്‍ പത്ത് ലക്ഷവും പരിക്കേറ്റാല്‍ രണ്ട് ലക്ഷവുമാണ് നഷ്ടപരിഹാരമായി നല്‍കുക. കാര്‍ഷിക മേഖലയിലാണെങ്കില്‍ ഒരു തെങ്ങിന് 770 രൂപ എന്ന നിരക്കിലും കവുങ്ങിന് 160 രൂപയും വാഴക്ക് 90 രൂപയും രണ്ടര ഏക്കര്‍ നെല്‍കൃഷിക്ക് 11000 രൂപയുമാണ് നല്‍കുന്നത്. എന്നാല്‍ ഈ തുക തന്നെ തുച്ഛമാണെന്ന കര്‍ഷകരുടെ പരാതി വര്‍ഷങ്ങളായി നില്‍നില്‍ക്കുന്നുണ്ട്. 

ഒരു ഹെക്ടര്‍ വയലില്‍ കൃഷി ചെയ്യാന്‍ 77,000 രൂപ ചിലവ് വരും. പൂര്‍ണവളര്‍ച്ചയെത്തിയ തെങ്ങിന് പതിനായിരം രൂപയെങ്കിലും നല്‍കണമെന്നാണ് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. ഇക്കാര്യങ്ങളൊന്നും ഇതുവരെ വനംവകുപ്പ് പരിഗണിച്ചിട്ടില്ല. 

വന്യമൃഗശല്യമുണ്ടാകുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസഥര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അത് പെട്ടെന്ന് നല്‍കുകയും ചെയ്യുന്ന രീതി മുമ്പുണ്ടായിരുന്നെങ്കിലും ഫണ്ടില്ലാത്തതാണ് വിതരണം നീണ്ടു പോകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നഷ്ടപരിഹാരവിതരണം കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി. ജോസ് ആവശ്യപ്പെട്ടു. ജില്ലയിലെ മറ്റു വനംഡിവിഷനുകളിലെ സ്ഥിതിയും മറിച്ചല്ല.