പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. പുലി, പന്നി തുടങ്ങിയ വന്യജീവികൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ വനത്തിന് സമിപം താമസിക്കുന്നവർക്ക് വനംവകുപ്പ് ജാഗ്രതാനിർദേശം നല്‍കി. സന്ധ്യക്ക് ശേഷം ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥലങ്ങളില്‍ കെട്ടിയിടണമെന്നും നാട്ടുകാർക്ക്  നി‍ർദേശം നൽകിയിട്ടുണ്ട്.

റാന്നി, കോന്നി എന്നിവിടങ്ങളിലെ വനമേഖലയ്ക്ക് സമിപമാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. ആന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയാണ് കൂടുതലായും കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിക്കുന്നത്. സന്ധ്യയ്ക്ക് ശേഷം മലയോര മേഖലയിലെ റോ‍ഡുകളിലൂടെയുള്ള യാത്രയ്ക്കും മൃഗങ്ങള്‍ ഭീഷണിയായി മാറുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു. 

വനത്തിലെ നീരുറവകള്‍ വറ്റിവരണ്ട് തുടങ്ങിയതോടെയാണ് മൃഗങ്ങള്‍ ആഹാരം തേടി നാട്ടിലിറങ്ങുന്നത്. വന്യമൃഗശല്യം വർദ്ധിച്ചതോടെ ഇവയെ തുരത്താൻ ചില പൊടിക്കൈകളും നാട്ടുകാർ പ്രയോഗിച്ച് തുടങ്ങി. മലയോരമേഖലയില്‍  വൈദ്യുതി വേലി ഇല്ലാത്ത സ്ഥലങ്ങളിലാണ് വന്യമൃഗങ്ങളുടെ ഏറ്റവും രൂക്ഷമായ ശ്യല്യമുള്ളത്.   വന്യമൃഗശല്യം വർദ്ധിച്ചതോടെ വനംവകുപ്പിന്‍റെ സംഘംത്തെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു.