പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു

പാലക്കാട് - പട്ടാമ്പി റെയിൽവേ പാതയിൽ വാടാനാംകുറുശ്ശി റയിൽവേ ഗേറ്റ് അടച്ച സമയത്ത് കാട്ടുപന്നി ട്രാക്കിലേക്ക് ഓടിക്കയറിയത് പരിഭ്രാന്തി പരത്തി. ട്രെയിൻ എത്താനിരിക്കെ കാട്ടുപന്നി റെയിൽവേ ഗേറ്റിനകത്ത് കുടുങ്ങിയത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. കാൽനടയായി ട്രാക്ക് മുറിച്ചു കടക്കുന്നവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും അപകടമൊന്നും ഉണ്ടായില്ല. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഗേറ്റിന് സമീപം കാത്തുനിൽക്കെ, ഒരു കാട്ടുപന്നി പെട്ടെന്ന് ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. കാഴ്ചക്കാർ ബഹളം വെച്ചപ്പോൾ പന്നി ഓടി മാറിയെങ്കിലും, ഈ സംഭവം പ്രദേശവാസികൾക്കിടയിൽ ഭീതി ഉയർത്തി.

View post on Instagram

അതേസമയം വാടാനാംകുറുശ്ശിയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രാപ്പകൽ ഭേദമില്ലാതെ തുടരുകയാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. കർഷകർക്ക് വലിയ നാശനഷ്ടം വരുത്തുന്ന ഈ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാട്ടുപന്നികളുടെ ആക്രമണ ഭീഷണിയും വർധിച്ചതോടെ, പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.