കാട്ടുപന്നി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ: സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇർഷാദ് തെറിച്ച് റോഡിൽ വീണു. വീഴ്ചയിൽ യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ഇർഷാദ്. ആരോഗ്യ നില വഷളായതോടെ ഇന്നലെ രാത്രി യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ഇർഷാദ്. ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാനായി നാട്ടിലെത്തിയതായിരുന്നു. ഇദ്ദേഹത്തിൻ്റെ പിതാവ് അബൂബക്കറും സഹോദരങ്ങളും ഗൾഫിലാണ്. സംസ്കാരം നാളെ നടക്കും.

YouTube video player