ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. രക്ഷാപ്രവർത്തനത്തിനിടെ പന്നി ആക്രമണകാരിയായതിനെ തുടർന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചത്.

ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ കിടന്ന പന്നിയെ നാട്ടുകാർ കണ്ടെത്തിയത്. നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി രാജേഷ്, സോജൻലാൽ സി എന്നിവർ സ്ഥലത്തെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പരിക്കേറ്റ പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് വെടിവെക്കാൻ തീരുമാനിച്ചത്. തുടർന്ന് വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.