സുല്‍ത്താന്‍ ബത്തേരി: വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ ദിവസവും നമ്മള്‍ കാണാറുണ്ട്. അതിനിടയില്‍ വന്യമൃഗത്തെ ഓമനിച്ച് വളര്‍ത്തുന്ന ഒരു ആദിവാസി വീട്ടമ്മ ചുണ്ടയെ കാണാം. വയനാട്ടിലെ മീനങ്ങാടിക്ക് അടുത്ത മടൂര്‍ കാട്ടുനായ്ക കോളനിയിലെ ചുണ്ടയെന്ന വീട്ടമ്മയുടെ സന്തത സഹചാരിയാണ് മുത്തുവെന്ന കാട്ടുപന്നി. 


ഒരു വിളിപ്പുറത്തുണ്ട് ചുണ്ടയുടെ മുത്തു. രണ്ട് വര്‍ഷം മുന്‍പ് പശുവിന് പുല്ലുതേടി പോയപ്പോഴാണ് ചുണ്ടക്ക് പെണ്‍ കാട്ടുപന്നി കുട്ടിയെ കിട്ടുന്നത്. തീറ്റെയെടുക്കാന്‍ പോലും ആകാത്ത പന്നികുട്ടിയെ പാലും ചായയുമൊക്ക കൊടുത്ത് വളര്‍ത്തി. വലുതായെങ്കിലും ഇപ്പോഴും മുത്തുവിന്‍റെ ഉറക്കം ചുണ്ടയുടെ കൂടെയാണ്. പശുവിന് പുല്ലുശേഖരിക്കാന്‍ പോകുമ്പോഴും കൂടെ പോകും. അക്രമസ്വഭാവമൊന്നും മുത്തുവിന് ഇല്ലെന്നാണ് ചുണ്ടപറയുന്നത്. വിശപ്പ് സഹിക്കാന്‍ പറ്റില്ല.

കാട്ടുനായ്ക വിഭാഗത്തില്‍പെടുന്നവരാണ് ചുണ്ടയുടെ കുടുംബം. മറ്റുള്ളവരോടൊന്നും മുത്തുവിന് ഇത്രയും അടുപ്പമില്ല. കാട്ടിലേക്ക് മുത്തു മടങ്ങിപോകില്ലെന്നും ചുണ്ട പറയുന്നു. വന്യമൃഗങ്ങളും മനുഷ്യനും തമ്മില്‍ സംഘര്‍ഷം പതിവായ വയനാട്ടില്‍ സമാനതകളില്ലാത്തതാണ് ഇവരുടെ സൗഹൃദം.